മുതിർന്ന മാധ്യമപ്രവർത്തകനായ ബുഖാരിയെ വെടിവച്ചു കൊന്ന സംഭവം; മൂന്നു ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതം

single-img
15 June 2018

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ മുതിർന്ന മാധ്യമപ്രവർത്തകനും ‘റൈസിങ് കശ്മീർ’ ദിനപത്രം എഡിറ്ററുമായ ഷുജാത് ബുഖാരിയെ (53) വെടിവച്ച ഭീകരരുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ശ്രീനഗറിലെ ലാൽചൗക്കിൽ പ്രസ് എൻക്ലേവിലെ ഓഫിസിൽനിന്ന് അംഗരക്ഷകർക്കൊപ്പം കാറിൽ പുറത്തേക്കു പോകുമ്പോഴാണു ബൈക്കിലെത്തിയ മൂന്നു ഭീകരർ ബുഖാരിയെ നിറയൊഴിച്ചത്. അംഗരക്ഷകരായ രണ്ടു പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു.

മുഖം മറച്ചും ഹെൽമറ്റും ധരിച്ചും മൂന്നുപേര്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണു ലഭിച്ചത്. അക്രമികളെ തിരിച്ചറിയാന്‍ ജനങ്ങളുടെ സഹായം തേടി കശ്മീർ പൊലീസാണു ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആക്രമണത്തിനുശേഷം അംഗരക്ഷകരുടെ തോക്കു തട്ടിയെടുത്താണു ഭീകരർ കടന്നത്.

2000ലും ബുഖാരിക്കുനേരെ വധശ്രമമുണ്ടായിരുന്നു. തുടർന്നാണു സർക്കാർ അംഗരക്ഷകരെ നിയോഗിച്ചത്.

കശ്മീരിൽ ഒട്ടേറെ സമാധാന ചർച്ചകൾക്കു മുൻകയ്യെടുത്ത ബുഖാരി, ഇന്ത്യ – പാക്ക് സമാധാന ചർച്ചകളിലും പങ്കാളിയായിരുന്നു. ബാരാമുള്ളയിലെ പാറ്റാൻ സ്വദേശിയായ ബുഖാരി കശ്മീർ ടൈംസിലാണു മാധ്യമപ്രവർത്തനം ആരംഭിച്ചത്. പിന്നീട് ദ് ഹിന്ദുവിൽ ചേർന്നു. 15 വർഷം ദ് ഹിന്ദുവിന്റെ ലേഖകനായിരുന്ന ശേഷമാണു സ്വന്തം ദിനപത്രം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉറുദു ദിനപത്രം കൂടിയുണ്ട്.