വിമര്‍ശകര്‍ക്ക് അക്കമിട്ട് മറുപടി നല്‍കി വീണാ ജോര്‍ജ് എംഎല്‍എ

single-img
14 June 2018

പത്തനംതിട്ട മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന്റെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശകര്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയിരിക്കുന്നത്.

തനിക്കെതിരെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചയാള്‍ക്കെതിരെ എംഎല്‍എ പരാതി നല്‍കുകയും യുവാവിനെ പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഇത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വീണാ ജോര്‍ജ് വിശദീകരണവുമായി രംഗത്തെത്തിയത്.

വീണയുടെ വിശദീകരണത്തിന്റെ പൂര്‍ണരൂപം

പത്തനംതിട്ട മുന്‍സിപ്പാലിറ്റയുടെ മുന്‍സിപ്പല്‍ ബസ്സ്റ്റാന്‍ഡിനായി എം എല്‍ എ എന്ന നിലയില്‍ എന്തു ചെയ്തു?

ചുവടെ ചേര്‍ക്കുന്ന കുറിപ്പും നിയമസഭാ രേഖകളും റിപ്പോര്‍ട്ടും ഉത്തരമായി ഞാന്‍ സമര്‍പ്പിക്കുന്നു.
നിയമസഭയിലെ എന്റെ ആദ്യ സബ്മിഷന്‍ ഈ വിഷയത്തിലായിരുന്നു. നിയമസഭാ രേഖകളിലുള്ള എന്റെ സബ്മിഷന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.(submission Kerala Assembly dated 18072016). ഇതിന്റെ അടിസ്ഥാനത്തില്‍ ബഹു മന്ത്രി ശ്രീ കെ ടി ജലീലിന്റെ നിര്‍ദ്ദേശത്തില്‍ LSD CE യുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി.
കണ്ടെത്തലുകള്‍ ചുരുക്കത്തില്‍ ഇങ്ങനെ

1) യാര്‍ഡിന്റെയും കെട്ടിടത്തിന്റെയും നിര്‍മ്മാണത്തില്‍ വലിയ രീതിയില്‍ അപാകത.
2)ഏകദേശം 5 മീറ്റര്‍ താഴ്ചയുണ്ടായിരുന്ന നിലം നികത്തി യാര്‍ഡ് നിര്‍മ്മിച്ചത് വേസ്റ്റ് ഉപയോഗിച്ച്. ശോച്യാവസ്ഥ പരിഹരിക്കാന്‍ റീടാറിംഗ് പരിഹാരമാവില്ല.
3)യാര്‍ഡിലെ വെള്ളം ഒഴുക്കിക്കളയാന്‍ സംവിധാനം ഒരുക്കിയില്ല.
4) ഗൗണ്ട് വാട്ടര്‍ ടേബിള്‍ യാര്‍ഡിന്റെ ഉപരിതലത്തോട് അടുത്തു വരെ എത്തുന്ന സ്ഥലമായിട്ടും ഇതുമുന്‍കൂട്ടി കണ്ടുള്ള ഇനങ്ങള്‍ ഉള്‍പ്പെടുത്തിയല്ല യാര്‍ഡ് നിര്‍മ്മിച്ചത്.

കെട്ടിടത്തിന്റെ അവസ്ഥ ഇതിലും മോശമാണ്. റിപ്പോര്‍ട്ടില്‍ ഉള്ളതിനാല്‍ വിശദീകരിക്കുന്നില്ല. ശ്രദ്ധിക്കുക; ഇതുമായി ബന്ധപ്പെട്ട പല സുപ്രധാന രേഖകളും മുന്‍സിപ്പാലിറ്റിയില്‍ നിന്ന് അപ്രത്യക്ഷമെന്ന് അന്വേഷണറിപ്പോര്‍ട്ട്!

ഈ സാങ്കേതിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭീമമായ അഴിമതി അന്വേഷണ വിധേയമാക്കി പൊതുജനങ്ങളുടെ നികുതിപ്പണം കട്ടുമുടിച് പൊതുജനങ്ങളെ ദുരിതത്തിലാഴ്ത്തിയവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു എന്റെ ആവശ്യം.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിമതി കുറച്ചു മണ്ണിട്ടു മൂടാന്‍ തദ്ദേശഭരണ വകുപ്പിന് കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് മന്ത്രിയുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത മുന്‍സിപ്പല്‍ അധികൃതരുടെ യോഗം ഫലം കാണാതെ പോയത്.

LSGD CE യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജലന്‍സ് അന്വേഷണം വേണമെന്ന എന്റെ ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.

പത്തനംതിട്ട മുൻസിപ്പാലിറ്റയുടെ മുൻസിപ്പൽ ബസ്സ്റ്റാൻഡിനായി എം എൽ എ എന്ന നിലയിൽ എന്തു ചെയ്തു? …

Posted by Veena George on Wednesday, June 13, 2018