ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പ്; താന്‍ ബി.ജെ.പിയെ സഹായിച്ചിട്ടില്ല; തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുമെന്നും പി.ജെ കുര്യന്‍

single-img
14 June 2018

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് വിഷയത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്‍ രംഗത്തെത്തി. ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുതാണ് ഗ്രൂപ്പ്. എതിര്‍ക്കുന്നവരെ വെട്ടിനിരത്തുന്നതാണ് ശീലം.

മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞത് പോലെ തനിക്കും ഗ്രൂപ്പില്ലെന്നും അതുകൊണ്ടാണ് തന്നെ ഒതുക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1981 ല്‍ തനിക്ക് സീറ്റ് തന്നത് ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്നത് പോലെ അദ്ദേഹമോ ആര്യാടന്‍ മുഹമ്മദോ പറഞ്ഞിട്ടല്ല.

വയലാര്‍ രവിയാണ് എന്റെ പേര് പറഞ്ഞത്. അന്ന് അതിനെ ആന്റണി അനുകൂലിച്ചു. അന്നും ഞാന്‍ സീറ്റ് ആരോടും ചോദിച്ചിരുന്നില്ല. വയലാര്‍ രവി വീട്ടിലെത്തി എന്റെ മാതാപിതാക്കളെ കണ്ട് നിര്‍ബന്ധിച്ചു. അങ്ങനെയാണ് മത്സരിച്ചത്. ഉമ്മന്‍ ചാണ്ടി ജനകീയനാണ്. സമ്മതിക്കുന്നു.

പക്ഷേ ഉമ്മന്‍ ചാണ്ടി നയിച്ച മൂന്നു തിരഞ്ഞെടുപ്പിന്റെയും ഫലം എന്താണ്. രണ്ട് തവണ തോറ്റു. ഭരണം കിട്ടിയപ്പോള്‍ രണ്ട് സീറ്റ് മാത്രമേ ഭൂരിപക്ഷം കിട്ടിയുള്ളൂ. ഉമ്മന്‍ ചാണ്ടിയെക്കാള്‍ ജനകീയര്‍ പാര്‍ട്ടിയിലുണ്ട്. ഞാന്‍ ജനകീയനൊന്നുമല്ല. പക്ഷേ പാര്‍ട്ടി ഏല്‍പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യുന്ന ആളാണ് ഞാന്‍.

1980 ല്‍ മാവേലിക്കരയില്‍ മത്സരിക്കുമ്പോള്‍ അത് എല്‍ഡിഎഫ് മണ്ഡലമായിരുന്നു. തുടര്‍ച്ചയായി അഞ്ച് തവണ ഞാന്‍ അവിടെ ജയിച്ചു. രാജീവ് ഗാന്ധി എന്നെ ചീഫ് വിപ്പാക്കി. 99 ല്‍ സോണിയ ഗാന്ധി ചീഫ് വിപ്പാക്കി. രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത് ഗുണം ചെയ്യുമെങ്കില്‍ അത് ബിജെപിക്കായിരിക്കും. ഈ തീരുമാനം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കും.

രാജ്യസഭ നടപടികളില്‍ താന്‍ നിഷ്പക്ഷനായിരുന്നു. രാരാജ്യസഭാ അധ്യക്ഷന്‍ എന്ന നിലയില്‍ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താന്‍ ശ്രമിച്ചത്. ചട്ടപ്രകാരമുള്ള തീരുമാനങ്ങള്‍ മാത്രമാണ് എടുത്തത്. മറിച്ചാണെന്ന് തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു.