ഗൗരി ലങ്കേഷ് വധം: കൊലയാളിയ്ക്ക് ശ്രീരാമസേനയുമായി ബന്ധം

single-img
14 June 2018

ബംഗളുരു: പ്രമുഖ മാദ്ധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ പരശുറാം വാഗ്‌മോറിന് തീവ്രഹിന്ദുത്വ സംഘടനകളുമായുള്ള ബന്ധം പരിശോധിച്ചു വരുന്നതിനിടെ, ഇയാള്‍ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതോടെ കൊലയാളിയ്ക്ക് ശ്രീരാമസേനയുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ്.

എന്നാല്‍ തനിക്ക് വാഗ്‌മോറുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ പ്രമോദ് മുത്തലിക്ക് തള്ളി. ഹിന്ദു മതവും സംസ്‌കാരവും സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ആളായ തനിക്കൊപ്പം പലരും ഫോട്ടോ എടുക്കാറുണ്ടെന്നും അവരെയൊന്നും താന്‍ അറിയണമെന്നില്ലെന്നും മുത്തലിക്ക് പറഞ്ഞു.

വാഗ്‌മോറും അത്തരത്തില്‍ ഒരാള്‍ മാത്രമാണ്. തന്നോടൊപ്പം നിന്ന് ഫോട്ടോ എടുത്തത് കൊണ്ടുമാത്രം അയാളെ താന്‍ അറിയണമെന്നില്ലെന്നും മുത്തലിക് വിശദീകരിച്ചു. ഇതേസമയം, 2012ല്‍ സിന്ദഗിയിലെ തഹസില്‍ദാര്‍ ഓഫീസിന് മുന്നില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ കേസില്‍ വാഗ്‌മോറിനെ അറസ്റ്റ് ചെയ്തിരുന്നു.

ശ്രീരാമസേന പ്രവര്‍ത്തകന്‍ എന്നായിരുന്നു ഇയാള്‍ അന്ന് അവകാശപ്പെട്ടത്. മറാത്തി സംസാരിക്കുന്ന വാഗ്‌മോറിനെ മഹാരാഷ്ട്രയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കര്‍ണാടകയിലെ വിജയാപുരം സ്വദേശിയാണിയാള്‍. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ലഭ്യമായ സി.സി ടിവി ദൃശ്യങ്ങളിലെ മുഖവുമായി വാഗ്‌മോറിന് സാദൃശ്യമുണ്ട്.