നടന്‍ ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍

single-img
14 June 2018

നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കേസിലെ പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ അന്വേഷണം സംസ്ഥാന പോലീസിന്റെ നിയന്ത്രണത്തിലല്ലാത്ത മറ്റൊരു ഏജന്‍സിയെ ഏല്‍പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്.

എന്നാല്‍ ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു. കേസിന്റെ വിചാരണ തടസ്സപ്പെടുത്താനാണ് ദിലീപ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്. ഇതേസമയം, ദിലീപിന്റെ കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച് സിബിഐ കൃത്യമായ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുമ്പ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് ദിലീപിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍നിന്നും കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍വച്ച് നടി ആക്രമിക്കപ്പെട്ടത്.