അന്തരീക്ഷ വായുവിന്റെ നില അതീവഗുരുതരമാകുന്നു; മനുഷ്യന് പുറത്തിറങ്ങാന്‍ പോലും പറ്റുന്നില്ല, അപ്പോഴാണ് ഫിറ്റ്‌നസ് ചലഞ്ച്; മോദിയുടെ ‘ഫിറ്റ്‌നസ് ചാലഞ്ച്’ വീഡിയോയ്‌ക്കെതിരെ ഡല്‍ഹി നിവാസികള്‍

single-img
14 June 2018

ഫിറ്റ്‌നസ് ചാലഞ്ച് വിഡിയോയ്ക്കു പകരം മരം നടാന്‍ ആഹ്വാനം ചെയ്യുന്ന വിഡിയോയാണു വേണ്ടതെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡല്‍ഹി നിവാസികളുടെ ട്വീറ്റുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് കഴിഞ്ഞ ദിവസമാണു മോദി തന്റെ ഫിറ്റ്‌നസ് വിഡിയോ പുറത്തുവിട്ടത്.

എന്നാല്‍ പുറത്തേക്കിറങ്ങാന്‍ പോലും പറ്റാത്ത വിധം വായുവിന്റെ നില ഗുരതരാവസ്ഥയിലിരിക്കെ എങ്ങനെ വ്യായാമം ചെയ്യാനാകുമെന്നാണു ഡല്‍ഹിക്കാര്‍ ചോദിക്കുന്നത്. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പ്രധാനമന്ത്രിക്ക് കത്തയച്ചു.

കഴിഞ്ഞ ദിവസമാണു നഗരത്തിലെ അന്തരീക്ഷ വായുവിന്റെ നില വീണ്ടും ഗുരുതരാവസ്ഥയിലായത്. രാജസ്ഥാനില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന പൊടിക്കാറ്റാണ് ഇതിനു കാരണം. വായുവിന്റെ നില അതീവ ഗുരുതരമായാണു രേഖപ്പെടുത്തിയിരിക്കുന്നത്. നാലു ദിവസം വരെ ഇതു തുടരുമെന്നും അറിയിപ്പുണ്ട്. ഏറെ നേരം പുറത്തിറങ്ങി നില്‍ക്കരുതെന്നും ജനങ്ങളോട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ചു.