അനുഷ്‌ക്കയ്ക്ക് മാംഗല്യം ഈ വര്‍ഷം

single-img
14 June 2018

ഗോസിപ്പുകള്‍ക്ക് വിട നല്‍കി അനുഷ്‌ക്ക ഷെട്ടിയുടെ വിവാഹ വാര്‍ത്തകള്‍. ഈ വര്‍ഷം അവസാനത്തോടെ താരത്തിന്റെ വിവാഹം നടത്താനുള്ള ഒരുക്കത്തിലാണ് വീട്ടുകാര്‍ എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇതിനായി പ്രത്യേക പ്രാര്‍ത്ഥനകളും വഴിപാടുകളുമായി താരത്തിന്റെ മാതാപിതാക്കള്‍ സജീവമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അനുഷ്‌ക്കയുടെ വിവാഹം ഈ വര്‍ഷം നടക്കുന്നതിനും അനുയോജ്യനായ വരനെ ലഭിക്കുന്നതിനും പ്രത്യേക പൂജകള്‍ വരെ മാതാപിതാക്കള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൂപ്പര്‍ താരം പ്രഭാസുമായി അനുഷ്‌ക്ക പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.

ബാഹുബലിയില്‍ ഇരുവരുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ഏറെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് അനുഷ്‌ക്ക പ്രധാന വേഷത്തിലെത്തിയ ബാഗമതിയുടെ ഷൂട്ടിംഗ് സെറ്റില്‍ പ്രഭാസ് സന്ദര്‍ശനം നടത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ക്ക് ശക്തി കൂടി.

എന്നാല്‍ ഇത് സംബന്ധിച്ച് ഇരുവരും മൗനം പാലിച്ചു. കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതയാകാന്‍ തയ്യാറല്ലെന്നും ഉചിതമായ സമയത്ത് കുടുംബജീവിതത്തിന് തയ്യാറാകുമെന്നും അനുഷ്‌ക്ക ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം ഈ വര്‍ഷാവസാനത്തോടെ പ്രഭാസിന്റെ വിവാഹം നടക്കുമെന്ന് കുടുംബാംഗം അറിയിച്ചു. ഇനി പ്രഭാസും അനുഷ്‌ക്കയും യഥാര്‍ത്ഥ ജീവിതത്തില്‍ ഒന്നിക്കുമോ എന്ന് കാത്തിരുന്നു കാണാം.