മാതൃഭൂമി ന്യൂസ് വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണന്‍ ‘കുടുങ്ങുമോ’ ?: ഡിവൈഎഫ്‌ഐ പരാതി നല്‍കി

single-img
13 June 2018

‘കേരളത്തിലെ മുസ്ലീം സഹോദരങ്ങളെ, നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയില്‍ കഴിയുകയാണ്. ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തിയത്. നോമ്പ് തുറക്കാന്‍ പോയവന് തുറുങ്ക് കിട്ടുന്ന നാടാണിത്…..’

കഴിഞ്ഞ ജൂണ്‍ 7ന് മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈമില്‍, എടത്തലയില്‍ ഉസ്മാന്‍ എന്ന യുവാവിനെ പൊലീസ് മര്‍ദിച്ചതിനെ കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചുകൊണ്ട് വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണന്‍ നടത്തിയ ഈ പരാമര്‍ശത്തിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി.

ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ ബിജുവാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വേണു നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന മതേതരത്വത്തേയും സമാധാന അന്തരീക്ഷത്തേയും തകര്‍ക്കുന്ന തരത്തിലുള്ളതാണെന്ന് പരാതിയില്‍ പറയുന്നു.

ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ‘മുസ്ലീം സഹോദരങ്ങളെ’ എന്ന് സമൂഹത്തിന്റെ ഒരു വിഭാഗത്തെ മാത്രം അഭിസംബോധന ചെയ്ത് സമൂഹത്തില്‍ മതപരമായ വിഭജനവും വര്‍ഗീയതയും ഉയര്‍ത്താനുള്ള ശ്രമമാണ് നടന്നത്.

രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തെ ഒരു വിഭാഗത്തിന് നേരെയുള്ള ആക്രമണമായി ചിത്രീകരിച്ചു. മതാചാരത്തെ അപമാനിച്ചു എന്ന തരത്തില്‍ വക്രീകരണമുണ്ടാക്കി. ഇത് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 153 എ പ്രകാരമുള്ള കുറ്റകൃത്യത്തിന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.