കെപിസിസി പ്രസിഡന്റ് ആയിരിക്കെ ഉമ്മന്‍ ചാണ്ടി കാട്ടിയത് ക്രൂരമായ നിസ്സഹകരണം; ജനപക്ഷ യാത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചു: പരസ്യപ്രസ്താവന വിലക്കിയ നേതൃത്വത്തിന്റെ നടപടിയെ പുച്ഛിച്ച് തള്ളി സുധീരന്‍

single-img
13 June 2018

തിരുവനന്തപുരം: പരസ്യപ്രസ്താവന പാടില്ലെന്ന കെപിസിസിയുടെ നിര്‍ദേശം മറികടന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി വീണ്ടും വി.എം സുധീരന്‍. കെപിസിസി പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നോട് കാട്ടിയത് ക്രൂരമായ നിസ്സംഗതയായിരുന്നുവെന്ന് സുധീരന്‍ തുറന്നടിച്ചു.

താന്‍ കെപിസിസി പ്രസിഡന്റ് ആയത് ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടമായില്ല. ക്രൂരമായ നിസ്സംഗതയും നിസ്സഹകരണവുമാണ് ഉമ്മന്‍ ചാണ്ടിയുടെയും ചിലരുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. കെപിസിസി പ്രസിഡന്റ് ആയ ശേഷം കണ്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് വലിയ നീരസമായിരുന്നു. പാര്‍ട്ടി ആസ്ഥാനത്ത് കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തില്ല. പികെ കുഞ്ഞാലിക്കുട്ടി തന്നെ വന്നുകണ്ടതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടി വന്നുകണ്ടത്. അദ്ദേഹം മനപ്പൂര്‍വ്വം വരാതിരുന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം.

മറ്റാരെയും പോലെ കെപിസിസി പ്രസിഡന്റാകാന്‍ സര്‍വ്വഥാ യോഗ്യനാണ് താനെന്നാണ് എന്റെ വിശ്വാസം. പ്രസിഡന്റ് ആയശേഷം ആദ്യമായി നടത്തിയ ജനപക്ഷ യാത്ര പരാജയപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചു. യാത്ര ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയായിരുന്നു. എന്നാല്‍ ഉദ്ഘാടന പ്രംസഗത്തില്‍ ഒരിടത്തുപോലും എന്റെ പേര് ഉമ്മന്‍ ചാണ്ടി പരാമര്‍ശിച്ചില്ല. രണ്ടാമത്തെ ജനരക്ഷാ യാത്രയിലും ഇതായിരുന്നു സ്ഥിതി.

പരസ്യപ്രസ്താവന കൊണ്ട് എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കാമെന്ന തെറ്റിദ്ധാരണയാണ് നേതാക്കള്‍ക്കുള്ളത്. പരസ്യ പ്രസ്താവന വിലക്കിയെന്ന് പറഞ്ഞ യോഗത്തില്‍ വച്ച് തന്നെ ഇത് പ്രായോഗികമല്ലെന്ന കാര്യം താന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയിലെ തെറ്റ് കണ്ടപ്പോഴെല്ലാം താന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്നും ഇന്നും എന്നും അത് തുടരും. അവസരവാദ നിലപാടുകള്‍ സ്വീകരിക്കുന്ന ആളല്ല താന്‍.

തന്റെ വ്യക്തിബന്ധങ്ങള്‍ ശാശ്വതമാണ്. വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, എ.കെ.ആന്റണി എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചയാളാണ് താന്‍. ഇവര്‍ക്കൊക്കെ തെറ്റ് പറ്റിയപ്പോഴെല്ലാം താന്‍ അത് ശക്തിയുക്തം ഏത് അവസരത്തിലും ചൂണ്ടിക്കാട്ടാന്‍ മടിച്ചിട്ടില്ല. തിരുത്താനാകാത്ത തെറ്റ് ചെയ്തിട്ട് പ്രസ്താവന വിലക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട അവസരത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തടവറയിലാണു കോണ്‍ഗ്രസ്. തെറ്റ് പറ്റിയാല്‍ തുറന്നു സമ്മതിക്കണം.1994ല്‍ രാജ്യസഭ സീറ്റ് ഘടകകക്ഷിക്കു നല്‍കിയപ്പോള്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രാജിവച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തിപ്പെടുത്തി. അദ്ധ്യക്ഷനായിരിക്കെ പരസ്യപ്രസ്താവന പാടില്ലെന്നു താന്‍ പറഞ്ഞപ്പോള്‍ കെ.പി.സി.സി ഓഫീസില്‍ പത്രസമ്മേളനം വിളിച്ചയാളാണ് എം.എം. ഹസനെന്നും സുധീരന്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് അധാര്‍മികമായി നല്‍കിയത് വഴി ലോക്‌സഭയില്‍ ഒരു സീറ്റ് യു.പി.എക്ക് കുറയുകയാണ് ചെയ്യുന്നത്. 11 മാസം കൂടി തെരഞ്ഞെടുപ്പിന് ഉള്ളപ്പോള്‍ ഉള്ള ഒരു സീറ്റ് മര്‍മ്മ പ്രധാനമാണ്. ലോക്‌സഭയിലുള്ള അംഗബലം കുറക്കാനുള്ള തീരുമാനം ഹിമാലയന്‍ മണ്ടത്തരമാണ്. വിഷയം പക്വതയോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഇത്തരം മണ്ടത്തരം സംഭവിക്കില്ല. അതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമാണ്. യു.പി.എയുടെ നഷ്ടം ബി.ജെ.പിയുടെ നേട്ടമായി മാറിയെന്നും സുധീരന്‍ കുറ്റപ്പെടുത്തി.