Kerala

കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; ഭൂതത്താന്‍കെട്ടില്‍ കലുങ്ക് തകര്‍ന്ന് റോഡ് ഇടിഞ്ഞ് താണു; ഭവാനിപ്പുഴ കര കവിഞ്ഞു; സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം

കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. പാലക്കാടും കോഴിക്കോടും ഇടുക്കിയിലും ആലപ്പുഴയിലും വ്യാപകമായി മണ്ണിടിച്ചിലും കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എറണാകുളം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഭൂതത്താന്‍കെട്ടില്‍ കലുങ്ക് തകര്‍ന്നതിനെ തുടര്‍ന്ന് മുപ്പത് അടിയോളം വീതിയില്‍ റോഡ് ഇടിഞ്ഞ് താണു. സംഭവത്തില്‍ ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ അപകടത്തില്‍പ്പെട്ടു.

റോഡ് തകര്‍ന്നതോടെ വടാട്ടുപാറ, ഇടമലയാര്‍ പ്രദേശങ്ങളും താളുംകണ്ടം, പോങ്ങന്‍ചോട് ആദിവാസി കോളനികളും ഒറ്റപ്പെട്ടു. ആയിരക്കണക്കിനാളുകളാണ് പുറംലോകവുമായി ബന്ധപ്പെടുവാന്‍ മാര്‍ഗ്ഗമില്ലാതെ കുടുങ്ങിയിരിക്കുന്നത്. ഈ മേഖലയിലെ ആളുകള്‍ ആശുപത്രി ആവശ്യങ്ങള്‍ക്കും ജോലി സ്ഥലത്തേക്കും വിദ്യാലയങ്ങളിലേക്കും പോകുവാനായി ആശ്രയിക്കുന്ന റോഡാണ് തകര്‍ന്നത്.

പാലക്കാട് കല്ലടിക്കോട് പാലക്കയം മേഖലയില്‍ രാവിലെ ഉരുള്‍പൊട്ടി. രണ്ട് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ അട്ടപ്പാടി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മലപ്പുറം പൊന്നാനിയില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി.

കോഴിക്കോട്ടെ മലയോരമേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണി തുടരുകയാണ്. തലശ്ശേരി മൈസൂര്‍ റൂട്ടില്‍ രണ്ട് കെഎസ്ആര്‍ടി ബസുകള്‍ക്ക് മുകളിലേക്ക് ചുരത്തില്‍ നിന്ന് മണ്ണിടിഞ്ഞ് വീണു. രണ്ട് കെഎസ്ആര്‍ടിസി ബസുകളുടെ മുകളില്‍ മരം വീണും അപകടമുണ്ടായി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സോണല്‍ മാനേജര്‍ അറിയിച്ചു.

വയനാട്ടിലും രാവിലെ മുതല്‍ കനത്ത മഴയാണ്. ഉരുള്‍പൊട്ടല്‍ മേഖലയായ കോഴിക്കോട് ആനക്കാംപൊയിലില്‍ ഇന്നലെ വൈകിട്ടോടെ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ഒറ്റപ്പെട്ടുപോയ 40 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. നെല്ലിപ്പൊയിലില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടായി. പാത്തിപ്പാറ കൂരാട്ട്പാറ മേഖല പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, കാരശേരി പഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കണ്ണൂര്‍ ഇരിട്ടി മലയോര മേഖലയില്‍ ഉരുള്‍പൊട്ടി. ശക്തമായ മലവെള്ളപ്പാച്ചിലില്‍ രണ്ട് റോഡുകള്‍ ഒലിച്ചുപോയി. വീടുകള്‍ക്ക് കേടുപാടുണ്ടായി. അപകടഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് റവന്യൂവകുപ്പ്. ഇടുക്കിയില്‍ വിവിധയിടങ്ങളിലായി 52 പേരെ മാറ്റിപാര്‍പ്പിച്ചു. 12 വീടുകള്‍ പൂര്‍ണ്ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വന്‍ കൃഷിനാശമുണ്ടായി.

മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഭവാനിപ്പുഴയും ശിരുവാണിപ്പുഴയും കരകവിഞ്ഞതോടെ പുതൂര്‍ മേഖലയിലെ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. അട്ടപ്പാടി ബ്ലോക്കിലെ മൂന്ന് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അയ്മനം, കുമരകം പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.