നൂറ്റാണ്ടുകള്‍ പഴക്കമുള്ള ‘നീരാളി നഗരം’ കണ്ടെത്തി

single-img
13 June 2018

നീരാളികള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് പറയാറ്. എന്നാല്‍ നീരാളികള്‍ ഒറ്റയ്ക്ക് മാത്രമല്ല കൂട്ടായും ജീവിക്കും എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. കിഴക്കന്‍ ഓസ്‌ട്രേലിയയിലെ ജെര്‍വിസ് ബേയിലാണ് ഗവേഷകര്‍ ‘നീരാളി നഗരം’ കണ്ടെത്തിയിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഈ നീരാളി നഗരം. കടലില്‍ 33 മുതല്‍ 49 അടി വരെ ആഴത്തിലായിരുന്നു ഇതിന്റെ സ്ഥാനം. കൂട്ടമായി ജീവിക്കാന്‍ നീരാളികളെ പ്രാപ്തരാക്കുന്ന ഘടകമെന്താണെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. ഒക്ടോപസ് ടെട്രിക്കസ് എന്ന ഇനം നീരാളികളെയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്.

അതുകൊണ്ട് തന്നെ ഒക്ടോപസ് എന്ന പേരിനൊപ്പം അറ്റ്‌ലാന്റിസ് എന്ന പേരു കൂടി ചേര്‍ത്ത് ‘ഒക്ട്‌ലാന്‍ഡിസ്’ എന്ന പേരും നീരാളി നഗരത്തിന് ഗവേഷകര്‍ നല്‍കി. പതിനഞ്ചോളം നീരാളികള്‍ ജീവിക്കുന്നുണ്ടിവിടെ. അപകടകരമായ ഇടം എന്നാണ് ഒക്ട്‌ലാന്‍ഡിസിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന വിശേഷണം.

കാരണം, പുറമേ നിന്നുള്ള ഒരു ജീവിക്കും ഇവിടെ പ്രവേശനമില്ല. മറ്റു നീരാളികള്‍ വന്നാല്‍ തുരത്തിയോടിക്കും. ഒക്ട്‌ലാന്‍ഡിസില്‍ ‘ജനസംഖ്യ’ കൂടിയെന്നിരിക്കട്ടെ. അധികമായുള്ളവയെയും നീരാളിക്കൂട്ടം പുറത്താക്കും. മറൈന്‍ ആന്‍ഡ് ഫ്രഷ് വാട്ടര്‍ ബിഹേവിയര്‍ ആന്‍ഡ് സൈക്കോളജി ജേണലില്‍ ഇതു സംബന്ധിച്ച പഠനവും പ്രസിദ്ധീകരിച്ചു.

2009ലും നീരാളികളുടെ നഗരത്തിനു സമാനമായ ഒരിടം ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അവിടെ പരസ്പരം പോരാടി ജയിക്കുന്നവര്‍ക്കു മാത്രമായിരുന്നു വാസസ്ഥാനം ലഭിച്ചിരുന്നത്. നീരാളികളുടെ ‘ഫൈറ്റ് ക്ലബ്’ എന്നാണ് അന്ന് ഈയിടത്തിന് പേരു നല്‍കിയത്.