വിമാനം ലാന്‍ഡ് ചെയ്യുന്നത് വൈകിപ്പിച്ച് ചീങ്കണ്ണി; വൈറലായി വീഡിയോ

single-img
13 June 2018

കാലാവസ്ഥ മോശമായത് മൂലം പല വിമാനങ്ങള്‍ക്കും വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാതെ വട്ടമിട്ട് പറക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ റണ്‍വേയില്‍ ഇറങ്ങിയ വിമാനത്തിന് ഒരു ചീങ്കണ്ണി കാരണം പാതിവഴിയില്‍ കിടക്കേണ്ടി വന്നത് ആദ്യത്തെ സംഭവമായിരിക്കും.

ഫ്‌ലോറിഡ രാജ്യാന്തര വിമാനത്താവളത്തിലാണ് റണ്‍വേയില്‍ ഇറങ്ങിയ വിമാനത്തിന് പാതിവഴിയില്‍ അഞ്ച് മിനിറ്റോളം കാത്തുകിടക്കേണ്ടി വന്നത്. ഒര്‍ലാന്‍ഡോ രാജ്യാന്തര വിമാനത്താവളത്തില്‍ സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്‍ഡ് ചെയ്ത ശേഷം ചീങ്കണ്ണിയെ കണ്ടതോടെ പാതിവഴിയില്‍ നിര്‍ത്തിയിട്ടത്.

റണ്‍വേയില്‍ക്കൂടി ചീങ്കണ്ണി കടന്നുപോയതുമൂലം അഞ്ചുമിനിറ്റോളമാണ് വിമാനത്തിനു കാത്തുകിടക്കേണ്ടിവന്നത്. പൈലറ്റ് തന്നെ ഇക്കാര്യം യാത്രക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെ യാത്രക്കാരില്‍ ഒരാള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് ഒര്‍ലാന്‍ഡോ വിമാനത്താവളത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഇത് അധികം വൈകാതെ വൈറലാവുകയും ചെയ്തു. വെള്ളത്താല്‍ ചുറ്റപ്പെട്ട വിമാനത്താവളമാണ് ഒര്‍ലാന്‍ഡോ. ഒര്‍ലാന്‍ഡോ വിമാനത്താവളത്തില്‍ ചീങ്കണ്ണികള്‍ പതിവ് കാഴ്ചയാണ്.