ബിജെപി എട്ട് നിലയില്‍ പൊട്ടി: രണ്ടാമത് ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ജയം

single-img
13 June 2018

ബംഗളൂരു: കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി വിജയിച്ചു. 3000 വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ഥി ബി.എന്‍. പ്രഹ്‌ളാദനെ പിന്തള്ളിയാണ് സൗമ്യ വിജയം നേടിയത്. 46 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 33.2 ശതമാനം വോട്ടുകള്‍ മാത്രമേ ബി.ജെ.പിക്ക് നേടാനായുള്ളൂ.

കര്‍ണാടകത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരമേറ്റതോടെ ജയനഗറില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ജെഡിഎസ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ കൂടിയായ ബിജെപി സ്ഥാനാര്‍ഥി ബി.എന്‍. വിജയകുമാര്‍, തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ മരിച്ചതിനെ തുടര്‍ന്നു മെയ് 12നു നടക്കേണ്ടിയിരുന്ന വോട്ടെടുപ്പു മാറ്റിവയ്ക്കുകയായിരുന്നു.

വിജയകുമാറിന്റെ സഹോദരനാണ് ബി.എന്‍. പ്രഹ്ലാദ്. മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാമലിംഗ റഡ്ഡിയുടെ മകളാണ് സൗമ്യ റഡ്ഡി. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ 55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.