ബിജെപിക്ക് തിരിച്ചടി: കര്‍ണാടകയില്‍ ബിജെപിയുടെ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറ്റം

single-img
13 June 2018

വാശിയേറിയ തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയിലെ ജയനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുന്നു. വോട്ടെണ്ണല്‍ 13 റൗണ്ട് പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഢി 8537 വോട്ടിന് ലീഡ് ചെയ്യുന്നു. ബി.ജെ.പിയുടെ ബി.എന്‍.പ്രഹ്ലാദിനെ പിന്നിലാക്കിയാണ് കോണ്‍ഗ്രസിന്റെ സൗമ്യ റെഡ്ഡിയുടെ കുതിപ്പ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ ബി.എല്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

വിജയകുമാറിന്റെ സഹോദരന്‍ ബി.എന്‍ പ്രഹ്ലാദിനെയാണ് പാര്‍ട്ടി ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. കര്‍ണാടകത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരമേറ്റതോടെ ജയനഗറില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ജെഡിഎസ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.