രാത്രിയില്‍ ഒരുമിച്ച് നടന്നുപോകുമ്പോള്‍ കിണറ്റില്‍ വീണ സുഹൃത്തിനെ രക്ഷിയ്ക്കാന്‍ കിണറ്റില്‍ ചാടിയ പ്ലസ്ടു വിദ്യാര്‍ത്ഥി സുഹൃത്തിന്റെ മൃതദേഹവുമായി നേരം പുലരും വരെ കിണറ്റില്‍ കഴിഞ്ഞു. സമാനതകളില്ലാത്ത സൗഹൃദത്തിന്റെ കരളലിയിപ്പിക്കുന്ന സംഭവമുണ്ടായത് മലപ്പുറത്ത്…

single-img
12 June 2018

രാത്രിയില്‍ ഒരുമിച്ച് നടന്നുപോകുമ്പോള്‍ കിണറ്റില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ പ്ലസ്ടു വിദ്യാര്‍ത്ഥി ഒരു രാത്രി മുഴുവന്‍ കിണറ്റില്‍ കഴിയുകയായിരുന്നു. ആദ്യം കിണറ്റില്‍ വീണ സുഹൃത്ത് മരിക്കുകയും ചെയ്തു. നേരം പുലര്‍ന്നപ്പോള്‍ കിണറിന് സമീപമെത്തിയ നാട്ടുകാര്‍ നിലവിളി കേട്ടാണ് വിദ്യാര്‍ത്ഥിയെ രക്ഷപെടുത്തിയത്. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് കൂട്ടുകാരന്റെ മൃതദേഹം അഗ്നി ശമന സേനാ വിഭാഗം കണ്ടെത്തി. എളങ്കൂര്‍ ചെറാംകുത്ത് പടിഞ്ഞാറേ കളത്തിലെ വേലുകുട്ടിയുടെ മകന്‍ രാഹുലാണ് സംഭവത്തില്‍ മരിച്ചത്.

രാഹുലിന്റെ സുഹൃത്ത് അരുണാണ് കൂട്ടുകാരനെ രക്ഷപെടുത്താന്‍ കഴിയാതെ മൃതദേഹവുമായി കിണറ്റില്‍ ഒരു രാത്രി മുഴുവന്‍ ചെലവഴിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് രാഹുല്‍ കിണറ്റില്‍ വീണത്. ഇരുവരും നടന്ന് വരുമ്പോള്‍ അടങ്ങുംപുറം ക്ഷേത്രപരിസരത്തുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ രാഹുല്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ സുഹൃത്തിനെ രക്ഷിക്കാനായി അരുണ്‍ കിണറ്റിലേക്ക് ചാടുകയായിരുന്നു.

സുഹൃത്തിനെ രക്ഷിക്കാനാവാതെ ആകെ പകച്ചുപോയ അരുണ്‍ രാവിലെ വരെ കിണറ്റിനകത്ത് തന്നെ കഴിച്ച് കൂട്ടി. രാവിലെ കിണറ്റില്‍ നിന്നുള്ള രക്ഷിക്കണേയെന്ന കരച്ചില്‍ കേട്ട സമീപവാസികളായ സ്ത്രീകള്‍ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് അരുണിനെ രക്ഷിച്ചത്.

തുടര്‍ന്ന് അരുണ്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച അരുണ്‍ ചികിത്സയിലാണ്.