കൊല്ലപെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചയാളെ അറസ്റ്റ് ചെയ്തതായി കര്‍ണ്ണാടക പോലീസ്

single-img
12 June 2018

കൊല്ലപെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെതിരെ വെടിയുതിര്‍ത്തയാളെ മഹാരാഷ്ട്രയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി കര്‍ണ്ണാടക പോലീസ്.പ്രതിയെ പിടികൂടിയത് സംബന്ധിച്ച് വിശദംശങ്ങള്‍ പുറത്ത് വിടുന്നതിന് കര്‍ണ്ണാടക പോലീസ് തയ്യാറായിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഗൗരി ലങ്കേഷ് വധത്തില്‍ പോലീസ് പുറത്ത് വിട്ട സിസി ടിവി ദൃശ്യങ്ങളുമായി പൊരുത്തമുള്ള ആളാണ് പിടിയിലായതെന്നാണ് പ്രാഥമിക വിവരം. സിസിടിവി ദൃശ്യങ്ങളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തില്‍ പ്രതികളുടെ രൂപരേഖ അന്വേഷണ സംഘം തയ്യാറാക്കിയിരുന്നു. ഹിന്ദു യുവസേനാ പ്രവര്‍ത്തകന്‍ കെടി നവീന്‍ കുമാറടക്കം അഞ്ച് പേര്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ തീവ്ര സ്വഭാവമുള്ള സംഘടനകളില്‍ നിന്നുള്ളവരാണ് പ്രതികളെല്ലാം, ഗൗരി ലങ്കേഷിനേയും എഴുത്തുകാരനായ കല്‍ബുര്‍ഗിയേയും ഒരേ തോക്കുപയോഗിച്ചാണ് വധിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. നാടന്‍ തോക്കുപയോഗിച്ചാണ് ഇരുവരെയും വധിച്ചതെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇരുകൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഗൗരി ലങ്കേഷ് വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള പൂനെ സ്വദേശി അമോല്‍ കാലെ കല്‍ബുര്‍ഗിയുടെ വീട്ടിലെത്തിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവ് സേഖരിക്കുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്..