മഗധീരയുടെ ചിത്രീകരണത്തിനിടെ നടന്ന അപകടത്തില്‍ 19 എല്ലുകളാണ് ഒരുമിച്ച് പൊട്ടിയത്; പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രംഗങ്ങളൊരുക്കുന്നത് ജീവന്‍ പണയം വെച്ചിട്ടാണെന്ന് പീറ്റര്‍ ഹെയ്ന്‍

single-img
11 June 2018

പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രംഗങ്ങളൊരുക്കുന്നത് ജീവന്‍ പണയം വെച്ചിട്ടാണെന്ന് ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍. തെലുങ്ക് ചിത്രം മഗധീരയുടെ ചിത്രീകരണത്തിനിടെ നടന്ന അപകടത്തില്‍ 19 എല്ലുകളാണ് ഒരുമിച്ച് പൊട്ടിയതെന്നും പീറ്റര്‍ പറഞ്ഞു. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് പീറ്റര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മഗധീരയുടെ ചിത്രീകരണത്തിനിടെ നടന്ന അപകടത്തില്‍ 19 എല്ലുകളാണ് ഒരുമിച്ച് പൊട്ടിയത്. കൂടെയുള്ളവരുടെ പിഴവ് മൂലമാണ് അന്ന് അപകടം സംഭവിച്ചത്. ഭാര്യയോട് പോലും ഇതിനെ കുറിച്ച് പറഞ്ഞിരുന്നില്ല. അന്ന് ഞാന്‍ വേദന ആസ്വദിക്കുകയായിരുന്നു.

കൂടെയുള്ളവര്‍ എല്ലാവരും ഇതു പറഞ്ഞ് കളിയാക്കിയിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും കമ്പിയാണ്. അത് ചില അവസരങ്ങളില്‍ എനിയ്ക്ക് ഉഗ്രന്‍ പണി തരാറുണ്ട്. ഇന്ത്യയിലെ മിക്ക ഭാഷകളിലും പ്രവര്‍ത്തിക്കാന്‍ എനിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

കൂടാതെ നല്ല സംവിധായകന്മാരോടൊപ്പം ജോലി ചെയ്യാനും സാധിച്ചു. ഒരു ആക്ഷന്‍ കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ തന്റെ ആഗ്രഹങ്ങളെല്ലാം നടന്നു കഴിഞ്ഞു. സിനിമയില്‍ നിന്ന് ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. അതെല്ലാം അതിജീവിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പീറ്റര്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം പുലിമുരുകനിലൂടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ അസാമാന്യപ്രകടനമാണ് കാഴ്ച്ചവെച്ചത്. പുലിമുരുകനു ശേഷം മലയാളത്തിലെ വമ്പന്‍ ബജറ്റ് ചിത്രങ്ങളായ കാളിയന്‍, കെ. മധു ഒരുക്കുന്ന ‘അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ദി കിങ് ഓഫ് ട്രാവന്‍കൂര്‍’, ബ്രഹ്മാണ്ഡ സിനിമ രണ്ടാമൂഴം എന്നിവയ്‌ക്കെല്ലാം സ്റ്റണ്ട് ഒരുക്കുന്നത് പീറ്ററാണ്.