രാജ്യസഭ സീറ്റ് വിവാദത്തില്‍ പി.ജെ കുര്യന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി; കോൺഗ്രസിൽ കലഹം കനക്കുന്നു

single-img
10 June 2018

രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ.കുര്യന്റെ പരാമര്‍ശത്തിനു മറുപടി നല്‍കേണ്ടത് താനല്ലെന്നും യുവ എംഎല്‍എമാരാണെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ആരുടെയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചോയെന്ന് അവര്‍തന്നെ വ്യക്തമാക്കണം. പി.ജെ.കുര്യന്‍ ഹൈക്കമാന്‍ഡിനു പരാതി കൊടുക്കുന്നത് നല്ലകാര്യം.

രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചെന്നതിനു മറുപടി പറയേണ്ടത് കെപിസിസി അധ്യക്ഷൻ എം.എം. ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം രാജ്യസഭാ സീറ്റ് വിവാദത്തില്‍ വിമര്‍ശനങ്ങള്‍ എല്ലാം ഉമ്മന്‍ ചാണ്ടിക്ക് നേര വരുന്നതില്‍ എ ഗ്രൂപ്പിന് അതൃപ്തി. ഒരു തീരുമാനവും ഉമ്മന്‍ചാണ്ടി ഒറ്റക്ക് എടുത്തതല്ല. എല്ലാം തീരുമാനിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം ഹസനുമായി ചേര്‍ന്നാണ്.

പക്ഷെ ഇതിന്‌റെ പേരില്‍ വേട്ടയാടപ്പെടുന്നത് ഉമ്മന്‍ചാണ്ടി മാത്രമാണെന്നാണ് എ ഗ്രൂപ്പിന്‌റെ പരാതി. പി.ജെ കുര്യനെ പോലുളള നേതാക്കന്മാരും ഉമ്മന്‍ ചാണ്ടിയെ മാത്രമാണ് ആക്രമിക്കുന്നത്. ഇത് അംഗീകരിക്കാവില്ല.

അതിനെ എന്ത് വില കൊടുത്തും നേരിടാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുത്തതില്‍ എ ഗ്രൂപ്പ് നേതാക്കന്മാര്‍ക്കും എതിര്‍പ്പ് ഉണ്ട്. എങ്കിലും നാളെ നടക്കുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാനാണ് എ ഗ്രൂപ്പ് നേതാക്കന്മാരുടെ തീരുമാനം.