കോണ്‍ഗ്രസിലെ കലാപം ; മുകുള്‍ വാസ്‌നിക്കിനോട് വിശദീകരണം തേടി രാഹുല്‍ ഗാന്ധി

single-img
9 June 2018


ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. മുകുള്‍ വാസ്‌നിക്കിനോടാണ് വിശദീകരണം തേടിയിരിക്കുന്നത്.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും യൂത്ത് കോണ്‍ഗ്രസും കെ എസ്സ് യു വും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ പ്രതിഷേധമറിയിക്കുകയും യുഡിഎഫിലേക്ക് മടങ്ങിയെത്തിയ കേരളാ കോണ്‍ഗ്രസ് പങ്കെടുത്ത യുഡിഎഫ് യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി അയക്കുകയും ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എംഎം ഹസനും ചേര്‍ന്നെടുത്ത തീരുമാനം അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് രാഹുല്‍ ഗാന്ധിയെ വിവരങ്ങള്‍ കൃത്യമായി അറിയിച്ചില്ലെന്നും എംപി മാരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പരാതിയുണ്ട്. അവര്‍ ഇക്കാര്യം ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ,കെ എസ്സ് യു പ്രതിഷേധങ്ങള്‍ തെരുവിലേക്ക് വ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി പ്രശ്‌നത്തിലിടെപെട്ടത്.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും നേതാക്കളുടെ പരാതിയില്‍ ഉന്നയിക്കുന്ന കാര്യങ്ങളെക്കുറിച്ചും വിവരം ശേഖരിച്ച് വിശദീകരണം നല്‍കാനാണ് മുകുള്‍ വാസ്‌നിക്കിനോട് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചത്.