പ്രതിഷേധം ‘അടങ്ങുന്നില്ല’:.എറണാകുളത്ത് ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും റീത്തും ശവപെട്ടിയും;മുകുള്‍ വാസ്‌നിക്കിനെതിരെതിരെ രാഹുല്‍ ഗാന്ധിക്ക് പരാതി..

single-img
9 June 2018

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ട് നല്‍കാനുള്ള ഹൈക്കമാന്റ് തീരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പാണ് താഴെ തട്ടില്‍ നിന്നുയരുന്നത്. യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും പ്രതിഷേധ പ്രകടനങ്ങള്‍ പോലും സംഘടിപ്പിച്ചു. എറണാകുളത്ത് രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ വേറിട്ട രീതിയിലാണ് പ്രതിഷേധമുണ്ടായത്. ഡിസിസി ഓഫീസിന് മുന്നില്‍ ശവപെട്ടിയും റീത്തും വെച്ച പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ചിത്രങ്ങളും ഇതില്‍ പതിച്ചു. പാര്‍ട്ടി ഓഫീസിന്റെ ചുവരില്‍ സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ചുള്ള പോസ്റ്ററുകളും ഒട്ടിച്ചു. എറണാകുളം പോലെ കോണ്‍ഗ്രസിന് സ്വാധീനമുള്ള സ്ഥലത്തുണ്ടായ പ്രതിഷേധം പാര്‍ട്ടി നേതൃത്വം ഗൗരവമായാണെടുക്കുന്നത്.

 

അതേസമയം സംസ്ഥാനത്തെ പ്രവര്‍ത്തകരുടെ വികാരം എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ബോധ്യപെടുത്തുന്നതിന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന് കഴിഞ്ഞില്ലെന്ന പരാതിയും ചില നേതാക്കള്‍ക്കുണ്ട്. ചില മുതിര്‍ന്ന നേതാക്കളും എംപി മാരും ഇക്കാര്യം പരാതിയായി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.

ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായമല്ല സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമെന്നും അത് മനസിലാക്കാനുള്ള യാതൊരു ശ്രമവും മുകുള്‍ വാസ്‌നിക്ക് നടത്തിയില്ലെന്നും പരാതിയില്‍ പറയുന്നു. ഇനിയെങ്കിലും പ്രവര്‍ത്തകരുടെ വികാരം മാനിച്ചുള്ള തീരുമാനം ഹൈക്കമാന്റില്‍ നിന്നുണ്ടാകണമെന്നും ഇവര്‍ ആവശ്യപെടുന്നു.