‘തീവ്രവാദി’ ആക്കിയതോടെ സഹായിക്കാന്‍പോലും ആരുമില്ലാതായി: ഉസ്മാന്റെ കുടുംബം ഇപ്പോള്‍ പട്ടിണിയില്‍; കേസുള്ളതിനാല്‍ റിയാദിലെ ജോലി പോകുമോ എന്നും ആശങ്ക

single-img
8 June 2018

ആലുവ എടത്തലയില്‍ പൊലീസ് അതിക്രമത്തിനിരയായ ഉസ്മാന് സംസാരശേഷി പൂര്‍ണമായും വീണ്ടെടുക്കാനായില്ല. ശസ്ത്രക്രിയക്ക് ശേഷം 24 മണിക്കൂറോളം നിരീക്ഷണത്തിലായിരുന്ന ഉസ്മാനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന്
വ്യാഴാഴ്ച വൈകീട്ടാണ് മുറിയിലേക്ക് മാറ്റിയത്.

ബന്ധുക്കളുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും വ്യക്തമാകുന്നില്ല. തന്നെ അകാരണമായി പൊലീസ് മര്‍ദിക്കുകയായിരുന്നുവെന്നാണ് ഉസ്മാന്റെ നിലപാട്. അതേസമയം കുടുംബത്തിന്റെ പ്രാരാബ്ധം തീര്‍ക്കാന്‍ കഷ്ടപ്പെടുന്നതിനിടയിലാണ് പോലീസുകാര്‍ മര്‍ദിച്ചതെന്ന് ഉസ്മാന്റെ ഭാര്യ ഫെബിന പറഞ്ഞു.

സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട ചെലവുകള്‍ മൂലം സാമ്പത്തികമായി തകര്‍ന്നിരിക്കുമ്പോഴാണു ചികില്‍സയ്ക്കും മറ്റും പണം കണ്ടെത്തേണ്ടി വന്നിരിക്കുന്നത്. റിയാദില്‍ മാര്‍ക്കറ്റിലാണ് ഉസ്മാന് ജോലി. അവിടെ പഴയതുപോലെ പണിയില്ല. സുഖപ്പെട്ടാലും കേസുള്ളതിനാല്‍ വീണ്ടും റിയാദിലേക്കു പോകാന്‍ കഴിയുമോ എന്നും സംശയമാണ്.

12 വര്‍ഷമായി തങ്ങള്‍ ഒന്നിച്ച് ജീവിക്കുന്നു. ഇന്ന് വരെ ഒരു തീവ്രവാദവും താന്‍ ഉസ്മാനില്‍ കണ്ടിട്ടില്ലെന്നും ഫെബിന പറഞ്ഞു. മുഖ്യമന്ത്രി ഇത് എവിടെ നിന്ന് കണ്ടുപിടിച്ചു എന്ന് തനിക്ക് അറിയില്ല. താടി വെച്ചവര്‍ എല്ലാം തീവ്രവാദികള്‍ ആവുമോ. പോലീസുകരെ സംരക്ഷിക്കാനാണ് എല്ലാരും ശ്രമിക്കുന്നതെന്നും ഫെബിന വ്യക്തമാക്കി.

നിരപരാധിയായ ഒരാളോടു പൊലീസുകാര്‍ എന്തിനാണിങ്ങനെ ചെയ്തതെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ലെന്നും ഫെബിന പറഞ്ഞു. അതിനിടെ, ഉസ്മാന്റെ ഇളയ മകന്‍ സാബിത്തിനെ (ആറ്) പനിയും ഛര്‍ദിയും പിടിപെട്ടു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിതാവിനെ പൊലീസ് കൊണ്ടുപോയെന്ന് അറിഞ്ഞതു മുതല്‍ ഒന്നും കഴിക്കാതെ സാബിത്ത് തളര്‍ന്നുപോയിരുന്നു. ആലുവ ഇസ്‌ലാമിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൂത്ത മക്കളായ സഫ (11), മര്‍വ (ഒന്‍പത്) എന്നിവരും മാനസിക തകര്‍ച്ചയിലാണ്. വീട്ടുകാര്‍ കുട്ടികളെ സംഭവം അറിയിച്ചിരുന്നില്ല. ടിവിയില്‍ നിന്നു യാദൃച്ഛികമായാണു കുട്ടികള്‍ ഇതറിഞ്ഞത്.

മകനു പൊലീസ് മര്‍ദനം ഏറ്റതറിഞ്ഞു വിങ്ങിപ്പൊട്ടി ഉസ്മാന്റെ മാതാപിതാക്കളായ കുഞ്ചാട്ടുകര മരുത്തുംകുടി കുഞ്ഞിപ്പരീതും പാത്തുമ്മയും. ‘ശനിയാഴ്ച നാലു മണിക്ക് പോയതാണ്. ഓന് എന്ത് പറ്റീന്ന് ആരും ശരിക്കും ഞങ്ങളോട് പറയുന്നില്ല.’ ഇരുവരും കണ്ണീരിനിടെ പറഞ്ഞൊപ്പിച്ചു. ഉസ്മാനൊപ്പമാണ് ഇരുവരും താമസിക്കുന്നത്.

കുഞ്ഞിപ്പരീതിന്റെയും പാത്തുമ്മയുടെയും എട്ടു മക്കളില്‍ ഏറ്റവും ഇളയതാണ് ഉസ്മാന്‍. നാട്ടുകാരുടെ ഏതു പ്രശ്‌നത്തിലും ഇടപെടുന്നയാളാണ് ഉസ്മാനെന്ന് മൂത്ത സഹോദരന്‍ അലിയാര്‍ പറഞ്ഞു.