മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശത്തില്‍ നിയമസഭ പ്രക്ഷുബ്ധം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു: ആലുവക്കാരെല്ലാം തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

single-img
8 June 2018

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷം ഇന്നും സഭ ബഹിഷ്‌കരിച്ചു. അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്. മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് എംഎല്‍എ പിടി തോമസാണ് അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്.

പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് നിയമസഭയില്‍ എത്തിയത്. മുഖ്യമന്ത്രിയെ സംസാരിക്കാന്‍ അനുവദിക്കാത്ത നിലയിലായിരുന്നു പ്രതിപക്ഷ ബഹളം. അതേസമയം ആലുവക്കാരെല്ലാവരും തീവ്രവാദികളെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ സംസ്‌കാരത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തുറന്നുകാട്ടുമ്പോള്‍ തെറ്റായ പ്രചരണം നടത്തരുതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിപക്ഷം തെറ്റായ നിലയില്‍ ഇടപെട്ടപ്പോള്‍ അതില്‍ വ്യക്തത വരുത്തിയതാണ്. ആലുവയില്‍ പൊലീസിനെ ആക്രമിച്ചവര്‍ക്ക് തീവ്രവാദബന്ധമുണ്ട് എന്ന പ്രശ്‌നമാണ് ഉന്നയിച്ചിട്ടുള്ളത്.

ഇത് വസ്തുതാപരമായ കാര്യമാണ്. സംഘര്‍ഷം ഉണ്ടാക്കിയയാള്‍ രണ്ട് യു.എ.പി.എ കേസുകളില്‍ പ്രതിയാണ്. ദേശവിരുദ്ധ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള കുറ്റകൃത്യങ്ങളില്‍ പെട്ടയാളുമാണ്. പ്രധാനഭീകരവാദക്കേസുകളില്‍ പ്രതിയായ ഒരാളെ സംരക്ഷിക്കാന്‍ എന്തിനാണ് പ്രതിപക്ഷം ഇത്രയും സാഹസം കാട്ടുന്നത്.

എനിക്ക് ആലുവക്കാരെ നല്ലതുപോലെ അറിയാം. ആലുവയില്‍ തീവ്രവാദത്തെ നല്ലതുപോലെ എതിര്‍ക്കുന്ന ഉശിരന്മാരായ ആളുകളുണ്ട്. സംഘര്‍ഷം സൃഷ്ടിച്ചതിനു പിന്നില്‍ തീവ്രവാദികളുടെ ഇടപെടലുണ്ട് എന്നത് വസ്തുതയാണ്. ഇത് മറച്ചുവെച്ചുകൊണ്ട് പ്രതിപക്ഷമെടുത്ത നിലപാട് ഇത്തരം പ്രവര്‍ത്തനങ്ങളെ പൊതുജനമധ്യത്തില്‍ കൊണ്ടുവരുന്നതിന് വിഘാതം സൃഷ്ടിക്കുന്നതാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ആലുവ എടത്തലയില്‍ യുവാവിനെ പോലീസ് മര്‍ദിച്ചതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നല്‍കിയ നോട്ടീസിനു മറുപടി പറയവെയായിരുന്നു മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശം. എടത്തല സ്വദേശി ഉസ്മാനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ അന്‍വര്‍ സാദത്താണ് അടിയന്തര പ്രമേയത്തിന് അനുമതിതേടി സംസാരിച്ചത്.

എടത്തലയില്‍ പോലീസ് ക്വട്ടേഷന്‍ സംഘത്തെപ്പോലെയാണു പ്രവര്‍ത്തിച്ചതെന്നു സാദത്ത് പറഞ്ഞിരുന്നു. നോമ്പ് തുറക്കാനുള്ള സാധനങ്ങളുമായി വീട്ടിലേക്ക് പോകുകയായിരുന്ന ഉസ്മാനെ പോലീസ് മൃഗീയമായി മര്‍ദിക്കുകയായിരുന്നു. പോലീസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നു മുഖ്യമന്ത്രി വീണ്ടും തെളിയിച്ചിരിക്കയാണെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

തുടര്‍ന്നു സംസാരിച്ച മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷത്തെ ആക്രമിച്ചത്. എടത്തലയിലെ അക്രമത്തിനു പിന്നില്‍ തീവ്രവാദസ്വഭാവമുള്ള ചിലരാണെന്നും അവരെ പ്രതിപക്ഷത്തെ ചിലര്‍ പിന്തുണയ്ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എടത്തലയില്‍ പോലീസ് സംഘര്‍ഷത്തിന്റെ ഭാഗമാകുകയായിരുന്നില്ല വേണ്ടത്.

സാധാരണക്കാരുടെ നിലയിലേക്ക് പോലീസ് താഴാന്‍ പാടില്ലെന്നതുകൊണ്ടാണ് സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും പ്രതിഷേധ മാര്‍ച്ചിന്റെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതിലുണ്ടായിരുന്നവരെ മുഴുവന്‍ പ്രതിപക്ഷത്തിന് അറിയില്ലെങ്കിലും ചിലരെ അറിയാമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.