ദീപ നിഷാന്തിനു നേരെ വധഭീഷണി; ബിജു നായര്‍ അറസ്റ്റിൽ

single-img
8 June 2018

തൃശൂര്‍: കേരളവര്‍മ കോളേജിലെ അധ്യാപിക ദീപ നിഷാന്തിനു നേരെ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തൃശൂര്‍ വെസ്റ്റ് പൊലീസാണ് ബിജു നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 506 പ്രകാരമാണ് കേസെടുത്തതെന്നു തൃശൂര്‍ വെസ്റ്റ് പൊലീസ് പറഞ്ഞു.

തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്കു വിളിച്ചു വരുത്തിയാണ് ബിജു നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ബിജെപിയുടെ ഐടി സെല്‍ കൈകാര്യം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ബിജു.

ജമ്മു കശ്മീരില്‍ കൊല ചെയ്യപ്പെട്ട എട്ടു വയസ്സുകാരി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് ദീപക് ശങ്കരനാരായണണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ദീപാ റീ പോസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് ദീപയെ ഭീഷണിപ്പെടുത്തിയത്.

രമേശ് കുമാര്‍ നായര്‍ എന്ന ബിജെപി പ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് കൊലവിളി ഉണ്ടായത്. അവളുടെ രക്തം കൂടി വേണമെന്നും ക്ഷമയുടെ എല്ലാ പരിധികളും ലംഘിച്ച് പോകുകയാണെന്നും അയാള്‍ പോസ്റ്റില്‍ പറയുന്നു. ഇതിന് പിന്തുണയുമായി ബിജു നായര്‍ അതിനായി ഞങ്ങള്‍ ശ്രമിക്കുകയാണ് എന്ന കമന്റ് ഇടുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് ദീപ നിശാന്ത് തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തെ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ദീപാ നിശാന്തിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. അതേസമയം രമേഷ് കുമാര്‍ നായരെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.