അമിത് ഷാ കണ്ടെങ്കിലും നിലപാട് മയപ്പെടുത്താതെ ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെ

single-img
7 June 2018

ബിജെപി അധ്യക്ഷന്‍ അമിത് ഷാ മുംബൈയില്‍ ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തിയെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന തീരുമാനം മാറ്റാന്‍ ശിവസേന തയ്യാറായിട്ടില്ല. പാര്‍ട്ടി നേതൃയോഗത്തില്‍ ഇനി നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുമായി സഖ്യമില്ലാതെ മത്സരിക്കണമെന്ന പ്രമേയം ശിവസേന പാസാക്കിയിരുന്നു.

ഇതിന് പിന്നാലെ മഹാരാഷ്ട്രയില്‍ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തെ ശിവസേന പിന്തുണയ്ക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരെ ശിവസേന മത്സരിക്കുകയും ചെയ്തു. പാല്‍ഘര്‍ പാര്‍ലമെന്റ് സീറ്റില്‍ ശിവസേന സ്ഥാനാര്‍ത്ഥിയെ പരാജയെപെടുത്തിയാണ് ബിജെപി വിജയിച്ചത്.

മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിക്കുന്നതിന് തയ്യാറാണെന്ന് പല ശിവസേനാ നേതാക്കളും പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ശിവസേന മുന്നണി വിട്ട് പോകില്ലെന്ന നിലപാടാണ് ബിജെപി നേതാക്കള്‍ സ്വീകരിച്ചത്. ശിവസേനയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

എന്നാല്‍ കൂടിക്കാഴ്ച്ചയെ സൗഹൃദ സന്ദര്‍ശനമെന്നതിനപ്പുറം പ്രാധാന്യത്തോടെ കാണുന്നതിന് ശിവസേന തയ്യാറല്ല. മഹാരാഷ്ട്രയിലെ സര്‍ക്കാരില്‍ പങ്കാളികളാണെങ്കിലും ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധം വഷളാണ്. ഈ സാഹചര്യത്തിലാണ് ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മതസരിക്കാന്‍ ശിവസേന തീരുമാനിച്ചത്. അമിത് ഷാ സന്ദര്‍ശിച്ചെങ്കിലും തങ്ങളുടെ രാഷ്ട്രീയ തീരുമാനം മാറ്റേണ്ട സമയമായില്ലെന്ന നിലപാടാണ് ശിവസേനയുടേത്.