ആ ബന്ധം തുടര്‍ന്നിരുന്നെങ്കില്‍ എന്റെ ജീവിതവും സാവിത്രിയെപ്പോലെയാകുമായിരുന്നു; സിദ്ധാര്‍ത്ഥ് ജെമിനി ഗണേശനെ പോലെ; മുന്‍ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തലുമായി സാമന്ത

single-img
7 June 2018

നാഗചൈതന്യയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് സാമന്ത നടന്‍ സിദ്ധാര്‍ത്ഥുമായി പ്രണയത്തിലായിരുന്നു. സിദ്ധാര്‍ത്ഥുമായുണ്ടായിരുന്ന ബന്ധം തുടര്‍ന്നിരുന്നെങ്കില്‍ തന്റെ ജീവിതവും സാവിത്രിയെ പോലെയാകുമായിരുന്നുവെന്നാണ് സാമന്ത തുറന്നടിച്ചിരിക്കുന്നത്.

സിദ്ധാര്‍ത്ഥുമായുണ്ടായിരുന്ന ബന്ധത്തെപ്പറ്റിയും പിരിയാനുള്ള കാരണത്തെ കുറിച്ചും ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാമന്ത വെളിപ്പെടുത്തിയത്. മഹാനടിയിലെ ജെമിനി ഗണേശന്റെ കഥാപാത്രത്തിനോടാണ് സിദ്ധാര്‍ത്ഥിനെ സാമന്ത ഉപമിച്ചിരിക്കുന്നത്.

‘ആ ബന്ധം തുടര്‍ന്നിരുന്നെങ്കില്‍ എന്റെ ജീവിതവും സാവിത്രിയെപ്പോലെയാകുമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ കല്ലുകടികള്‍ മനസ്സിലാക്കാന്‍ സാധിച്ചു. ആ ബന്ധത്തിന് ശുഭപര്യവസാനം ഇല്ലെന്ന് മനസ്സിലാക്കിയ ഞാന്‍ ഭാഗ്യം കൊണ്ട് അതില്‍ നിന്നും തലയൂരി.

നാഗചൈതന്യ എന്റെ ജീവിതത്തിലേക്ക് വന്നത് ഒരു അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. അദ്ദേഹം എല്ലാംകൊണ്ടും മികച്ചതാണ്’, മുന്‍ ബന്ധത്തെക്കുറിച്ച് സാമന്ത തുറന്നുപറഞ്ഞു. മഹാനടിയില്‍ ജെമിനി ഗണേശന്റെ വിവാഹേതര ബന്ധമാണ് സാവിത്രി എന്ന നടിയെയും വ്യക്തിയെയും തകര്‍ക്കുന്നതിന് കാരണമായി കാണിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് സാമന്തയും സിദ്ധാര്‍ത്ഥും പ്രണയത്തിലാകുന്നത്. വിവാഹക്കാര്യത്തില്‍ രണ്ട് പേര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടായതാണ് ആ ബന്ധം തകരാന്‍ കാരണമായതെന്നായിരുന്നു അന്ന് പുറത്ത് വന്ന വാര്‍ത്തകള്‍. സാമന്ത കുടുംബജീവിതം ആഗ്രഹിച്ചപ്പോള്‍ വിവാഹജീവിതത്തിനോട് സിദ്ധാര്‍ത്ഥിന് താല്‍പ്പര്യമില്ലായിരുന്നു.

തുടര്‍ച്ചയായി മൂന്നു ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വന്‍ വിജയമായതിന്റെ സന്തോഷത്തിലാണ് സാമന്ത ഇപ്പോള്‍. രംഗസ്തലം, മഹാനടി, ഇരുമ്പു തിറൈ എന്നീ ചിത്രങ്ങളിലെ സാമന്തയുടെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.