Movies

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാറിന്റെ തിരക്കഥ പൂര്‍ത്തിയായി

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണവും ഈ സിനിമയ്ക്കുണ്ട്. വളരെ നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ഈ സിനിമയെന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിനിടെ പ്രിയദര്‍ശന്‍ പറഞ്ഞത്. ടി. ദാമോദരനുമായി ചിത്രത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച ചെയ്തിരുന്നു.

അദ്ദേഹം നല്‍കിയ ആശയങ്ങളും സാധ്യതകളും തിരക്കഥയിലുണ്ട്. ചരിത്രത്തിനൊപ്പം ഫിക്ഷനും ചേര്‍ത്താണ് കഥ തയാറാക്കിയിരിക്കുന്നത്. തനിക്കൊപ്പം ഐ.വി ശശിയുടെ മകന്‍ അനിയും തിരക്കഥയില്‍ പങ്കാളിയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

കുഞ്ഞാലിമരക്കാരുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയപ്പോള്‍ കൃത്യമായ ചരിത്രം എവിടെയും പ്രതിപാദിക്കുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. കുഞ്ഞാലിമരക്കാരുടെ പേരില്‍ ഇതിനു മുമ്പ് സിനിമ വന്നിട്ടുണ്ട്. എന്നാല്‍ പ്രിയദര്‍ശനും മോഹന്‍ലാലും ചെയ്യുന്നത് കുഞ്ഞാലി നാലാമന്റെ കഥയാണ്. ഹിന്ദി, തെലുങ്ക്, ബ്രിട്ടീഷ്, ചൈനീസ് താരങ്ങള്‍ സിനിമയില്‍ അഭിനയിക്കും.