‘എനിക്ക് സീറ്റ് തന്നില്ലെങ്കിലും കുഴപ്പമില്ല; പക്ഷേ കേരളാ കോണ്‍ഗ്രസിന് നല്‍കരുത്’: ഹൈക്കമാന്റിനോട് അപേക്ഷയുമായി പിജെ കുര്യന്‍

single-img
7 June 2018

കോണ്‍ഗ്രസിന്റെ ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിനെ എതിര്‍ത്ത് പിജെ കുര്യന്‍ രംഗത്ത്. സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കരുതെന്ന് കുര്യന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കുര്യന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ലെറ്റര്‍ പാഡിലാണ് കത്തയച്ചിരിക്കുന്നത്.

കത്തില്‍, സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിച്ചില്ലെങ്കിലും സീറ്റില്‍ കോണ്‍ഗ്രസ്സ് തന്നെ മത്സരിക്കണമെന്നാണ് കുര്യന്റെ ആവശ്യം. തനിക്ക് പകരം മറ്റ് ആറ് നേതാക്കളെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാമെന്നും കുര്യന്‍ കത്തില്‍ പറയുന്നു. കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍, മുന്‍ പ്രസിഡന്റ് വിഎം സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പിസി ചാക്കോ, വനിതാ പ്രതിനിധ്യമാണെങ്കില്‍ ഷാനിമോള്‍ ഉസ്മാന്‍, യുവനേതാവാണെങ്കില്‍ പിസി വിഷ്ണുനാഥ് എന്നിവരെ പരിഗണിക്കണമെന്നാണ് കുര്യന്റെ ആവശ്യം.

തനിക്ക് മത്സരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും തന്നെ പരിഗണിച്ചില്ലെങ്കില്‍ താന്‍ നിര്‍ദ്ദേശിച്ചവരെ പരിഗണിക്കണമെന്നുമാണ് കുര്യന്റെ നിലപാട്. നേരത്തെ പിജെ കുര്യനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസിലെ യുവ എംഎല്‍എ മാരായ വിടി ബല്‍റാം, ഹൈബി ഈഡന്‍,അനില്‍ അക്കര,ഷാഫി പറമ്പില്‍, റോജി എം ജോണ്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു.

അതേസമയം കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിന് അവകാശവാദമുന്നയിച്ച് യുഡിഎഫ് പ്രവേശനത്തിനായുള്ള നീക്കമാണ് കേരളാകോണ്‍ഗ്രസ്സ് നടത്തുന്നത്. ഇപ്പോള്‍ ജയസാധ്യതയുള്ള ഒരു സീറ്റ് മാത്രമാണുള്ളത്. അത് കോണ്‍ഗ്രസിന് തന്നെ വേണമെന്നും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഇനി ഒഴിവു വരുന്ന സീറ്റ് നല്‍കാമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്റ് ജോസ് കെ മാണിയെ അറിയിച്ചതായാണ് വിവരം.