ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെ പ്രതാപകാലത്തേക്ക് മടക്കികൊണ്ട് വരുമോ ?

single-img
7 June 2018

എഐസിസി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ ചാണ്ടി ചുമതലയേറ്റു. എഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കേന്ദ്ര മന്ത്രി ജയറാം രമേഷ്, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആന്ധ്രാപ്രദേശിന്റെ ചുമതല കൂടി ഉമ്മന്‍ ചാണ്ടി ഔദ്യോഗികമായി ഏറ്റെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് ഉമ്മന്‍ ചാണ്ടി ചുമതലയേറ്റത്.

ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുടെ മുന്നില്‍ പാര്‍ട്ടിയുടെ സംഘടനാശേഷിയാണ് പ്രധാനവെല്ലുവിളി. ആന്ധ്ര രാഷ്ട്രീയത്തില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിക്കും ജഗ്‌മോഹന്‍ റെഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനും പിന്നിലാണ് കോണ്‍ഗ്രസിന്റെ സ്ഥാനം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പായി സംഘടനാ സംവിധാനം ശക്തമാക്കുന്നതിനും ജഗ്മോഹന്‍ റെഡിയെ കോണ്‍ഗ്രസിലേക്ക് മടക്കി കൊണ്ട് വരുന്നതിനും കോണ്‍ഗ്രസ് ഹൈക്കമാന്റിന് താല്‍പര്യമുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഇക്കാര്യത്തില്‍ എത്രമാത്രം മുന്നോട്ട് പോകാനാകുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഉറ്റുനോക്കുന്നത്.

ഒരിയ്ക്കല്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സംസ്ഥാനമായിരുന്നു ആന്ധ്രപ്രദേശ്. ആന്ധ്രയെന്നും തെലങ്കാനയെന്നും സംസ്ഥാനത്തെ രണ്ടായി വിഭജിച്ചപ്പോള്‍ കോണ്‍ഗ്രസ് രണ്ട് സംസ്ഥാനത്തും അധികാരത്തിന് പുറത്തായി. ആന്ധ്രയില്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നതിന് ജഗ്മോഹന്‍ റെഡ്ഡി താല്‍പര്യം കാട്ടുന്നില്ല.

എന്നാല്‍ തെരഞ്ഞെടുപ്പ് ധാരണ എന്ന ആശയം മുന്നോട്ട് വെച്ച് പടിപടിയായി ലയനനീക്കം നടത്താമെന്നാണ് ഹൈക്കമാന്റിന്റെ താല്‍പര്യം. അതേസമയം ജഗ്മോഹന്‍ റെഡ്ഡിയാകട്ടേ ബിജെപിയുമയി വിലപേശല്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ്.

അതേസമയം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ യുമായുള്ള ബന്ധം വിച്ഛേദിച്ച തെലുങ്കു ദേശം പാര്‍ട്ടിയെ ഒപ്പം നിര്‍ത്തണമെന്ന ആലോചനയും കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ട്. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന നിലപാടിലാണ് ടിഡിപി നേതാക്കള്‍.

അതുകൊണ്ട് തന്നെ ആന്ധ്രയുടെ ചുമതലക്കാരനായെത്തുന്ന ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചടുത്തോളം ദുര്‍ബലമായ പാര്‍ട്ടിയും സഖ്യകക്ഷികളില്ലാത്തതുമാണ് പ്രധാന പാര്‍ട്ടി നേരിടുന്ന പ്രധാന പ്രശ്‌നം. ഒരിയ്ക്കല്‍ ശക്തമായിരുന്ന ഇവിടെ കോണ്‍ഗ്രസ് ചെറിയ നേട്ടങ്ങളാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന് സംഘടനാ സംവിധാനം നല്‍കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാന്റ് അദ്ദേഹത്തെ ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയത്..