റിലീസ് ദിവസം തന്നെ രജനിയുടെ കാല ചോര്‍ന്നു; ലൈവ് സ്ട്രീമിങ്ങിന് ഒരാള്‍ അറസ്റ്റില്‍

single-img
7 June 2018

റിലീസിനു പിന്നാലെ രജനീകാന്തിന്റെ തമിഴ്ചിത്രം ‘കാല’ ഇന്റർനെറ്റിൽ. തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രത്തിന്റെ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. പുലര്‍ച്ചെ 5.28നാണ് ചിത്രം സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. റെഡ് െഎ എന്ന അഡ്മിനാണ് ചിത്രം അപ്‍ലോഡ് ചെയ്തിരിക്കുന്നത്.

പുതിയ ചിത്രങ്ങൾ റിലീസിനൊപ്പം തന്നെ പ്രത്യക്ഷപ്പെടുന്ന സൈറ്റാണ് തമിഴ്റോക്കേഴ്സ്. ഇവരെ നിയന്ത്രിച്ചെന്നായിരുന്നു പൊലീസിന്‍റെ അവകാശവാദം. എന്നാൽ ഇതു തെറ്റാണെന്നാണു കാലാ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിലൂടെ വ്യക്തമാകുന്നത്. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് രജനിയുടെ കാലാ.

റിലീസ് ദിവസം തന്നെ ചിത്രം ചോര്‍ന്നതില്‍ നടനും നടികര്‍ സംഘം മേധാവിയുമായ വിശാല്‍ ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി. സമീപകാലത്ത് ഇറങ്ങിയ ഒട്ടുമിക്ക തമിഴ് സിനിമകളും റിലീസ് ചെയ്ത് ഏറെ വൈകാതെ തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കെതിരെ വിശാല്‍ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തിയെങ്കിലും വ്യാജന്‍ പതിവിലും ശക്തമായി തന്നെ വിലസുന്നതാണ് കണ്ടത്.

അതിനിടെ സിംഗപ്പൂരില്‍ വച്ച് ചിത്രം ഫെയ്‌സ്ബുക്കിലൂടെ ലൈവ് സ്ട്രീമിങ് നടത്തിയ പ്രവീണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുമുണ്ട്.