ഉത്തര്‍ പ്രദേശിലെ പ്രതിപക്ഷ സഖ്യത്തില്‍ സീറ്റ് തര്‍ക്കം; സംസ്ഥാനത്തെ എണ്‍പത് ലോക്‌സഭാ സീറ്റില്‍ 40 എണ്ണവും വേണമെന്ന നിലപാടില്‍ ബിഎസ്പി നേതാവ് മായാവതി; സീറ്റ് ചര്‍ച്ച പിന്നീടെന്ന് സമാജ് വാദി പാര്‍ട്ടി

single-img
6 June 2018

കോണ്‍ഗ്രസ്സ്, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി ഉത്തര്‍പ്രദേശില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ ഈ പാര്‍ട്ടികള്‍ പരസ്പര ധാരണയോടെ മത്സരിച്ചത് ബിജെപിയുടെ പരാജയത്തിന് കാരണമായിരുന്നു.

തുടര്‍ന്ന് അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒന്നിച്ച് മത്സരിക്കുന്നതിന് ഈ പാര്‍ട്ടികള്‍ തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ സഖ്യ ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ 40 സീറ്റുകള്‍ വേണമെന്ന ആവശ്യം ബിഎസ്പി നേതാവ് മായാവതി മുന്നോട്ട് വെച്ചു.

മായാവതി ആവശ്യം പരസ്യമാക്കിയതോടെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് സഖ്യം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും സീറ്റുകള്‍ സംബന്ധിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ധാരണയായിട്ടില്ലെന്നും നിലപാട് വ്യക്തമാക്കി. മായാവതിയുടെ വിലപേശലിന് മുന്നില്‍ കീഴടങ്ങണ്ടെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ നിലപാട്.

എന്നാല്‍ കോണ്‍ഗ്രസാകട്ടെ സഖ്യം മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്. മധ്യപ്രദേശില്‍ മായാവതിയുടെ ബിഎസ്പിയുമായി ധാരണയിലെത്താനുള്ള നീക്കവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. മയാവതിയുടെ ഏകപക്ഷീയ നിലപാട് ബിജെപിക്ക് ഗുണം ചെയ്യുമെന്നും അവര്‍ വിട്ട് വീഴ്ച്ചയ്ക്ക് തയ്യാറാകണമെന്നും ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ അഭിപ്രായപെടുന്നു.

എന്നാല്‍ ബിജെപിയാകട്ടെ പ്രതിപക്ഷ നിരയിലുണ്ടാകുന്ന സംഭവ വികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. പ്രതിപക്ഷ ഐക്യമുണ്ടായാല്‍ വിജയം നേടുക പ്രയാസമാണെന്ന് ബിജെപി നേതാക്കള്‍ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നിരയിലെ വിള്ളലുകളില്‍ നിന്ന് മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമം.

ഉത്തര്‍ പ്രദേശിലെ കൈരാനയില്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിലെ ആര്‍എല്‍ഡി വിജയിച്ചതിന് പിന്നാലെ ആര്‍എല്‍ഡി നേതാവും മുന്‍ വ്യോമയാന മന്ത്രിയുമായ അജിത് സിങിനെതിരെ എയര്‍ ഏഷ്യ സാമ്പത്തിക തട്ടിപ്പില്‍ സിബിഐ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പ്രതിപക്ഷ നിരയിലെ ചെറു പാര്‍ട്ടികളെ വരുതിയില്‍ നിര്‍ത്തുന്നതിന് ബിജെപി സിബിഐയെ ആയുധമാക്കുന്നെന്നാണ് കോണ്‍ഗ്രസ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്. എന്തായാലും പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. അതുകൊണ്ട് തന്നെ ഉത്തര്‍ പ്രദേശില്‍ ബിഎസ്പിയും എസ്പിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും കോണ്‍ഗ്രാസാകും മുന്‍കൈ എടുക്കുക.