ബിജെപി സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താന്‍ വെള്ളിയാഴ്ച്ച കൊച്ചിയില്‍ യോഗം ചേരും; തമ്മിലടി ഒഴിവാക്കാന്‍ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്

single-img
6 June 2018

ബിജെപി സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്തുന്നതിനായി നേതാക്കള്‍ക്കിടയില്‍ അഭിപ്രായ സമന്വയത്തിലെത്തുന്നതിന് ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. ബിജെപി കേരള ഘടകത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച് രാജ, മംഗലാപുരം എം പി നളിന്‍ കുമാര്‍ കാട്ടില്‍ എന്നിവരാണ് ഭാരവാഹിയോഗത്തില്‍ പങ്കെടുക്കുക.

ദേശീയ സഹസംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയകുഴപ്പം നിലനില്‍ക്കുകയാണ്. പ്രസിഡന്റ് ആരാകണമെന്ന കാര്യത്തില്‍ ബിജെപി ദേശീയ സംഘടനാ സെക്രട്ടറി രാംലാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കളുമായും ആര്‍എസ്സ്എസ്സ് നേതാക്കളുമായി ആശയവിനിമയം നടത്തി.

ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കുമ്മനത്തെ മാറ്റിയത് തങ്ങളുമായി ആലോചിച്ചില്ലെന്ന പരാതിയാണ് സംസ്ഥാനത്തെ ആര്‍എസ്സ്എസ്സ് നേതാക്കള്‍ക്കുള്ളത്. എന്നാല്‍ പ്രസിഡന്റിനെ ചൊല്ലി സംസ്ഥാന ബിജെപി ഘടകത്തില്‍ ഭിന്നത രൂക്ഷമാണ്. ഇത് മനസിലാക്കിയാണ് ബിജെപിയില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ ഭാരവാഹിയോഗം ദേശീയ നേതൃത്വം വിളിച്ചിരിക്കുന്നത്.

സംസ്ഥാന ഭാരവാഹികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതിനാണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദേശം സംസ്ഥാനത്തിന്റെ ചുമതലയുള്ള എച്ച് രാജ സംസ്ഥാന ഭാരവാഹികളെ അറിയിക്കും. തുടര്‍ന്ന് സംസ്ഥാന നേതാക്കളുടെ അഭിപ്രായമാരായും.

പുതിയ പ്രസിഡന്റിനെ സംബന്ധിച്ച് ഏകപക്ഷീയ തീരുമാനം അടിച്ചേല്‍പ്പിച്ചെന്ന പരാതി ഉയരാതിരിക്കുന്നതിനാണ് ദേശീയ നേതാക്കള്‍ ഈ നീക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കെ സുരേന്ദ്രന്‍, എം ടി രമേശ്, പികെ കൃഷ്ണദാസ്, ആര്‍ ബാലശങ്കര്‍, ജെ നന്ദകുമാര്‍, ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, പിഎം വേലായുധന്‍ എന്നിങ്ങനെ പലപേരുകള്‍ ഉയര്‍ത്തി സംസ്ഥാന നേതാക്കള്‍ ചേരിതിരിഞ്ഞ് നില്‍ക്കുകയാണ്.

സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച് ആര്‍എസ്സ്എസ്സ് നിലപാട് ബിജെപി നേതൃത്വത്തെ അറിയിക്കും. പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശന്‍, സഹ സംഘടനാ സെക്രട്ടറി സുഭാഷ് എന്നിവര്‍ മാറുമോ എന്ന കാര്യത്തിലും ആര്‍എസ്സ്എസ്സിന് തീരുമാനമെടുക്കണം.

ഇരുവരും മാറുകയോ ഒരാളെ നിലനിര്‍ത്തി ഒരാളെ മാറ്റുന്നതിനോ ആര്‍എസ്സ്എസ്സിന് തീരുമാനിക്കാം. നിലവിലെ സാഹചര്യത്തില്‍ ഇരുവരും തുടരുന്നതിനുള്ള സാധ്യതയുമുണ്ട്. കുമ്മനം അധ്യക്ഷനായപ്പോള്‍ സംഘം പാര്‍ട്ടിയെ നിയന്ത്രിച്ചപോലെ അടുത്ത പ്രസിഡന്റ് വന്നാലും ഇരുവരും സംഘടനാ സെക്രട്ടറിമാരായി തുടര്‍ന്നാല്‍ പാര്‍ട്ടിയെ നിയന്ത്രിക്കാമെന്നാണ് ആര്‍എസ്സ്എസ്സ് നേതാക്കളുടെ കണക്ക് കൂട്ടല്‍. അതേസമയം സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്സ്എസ്സ് ഇടപെടുന്നത് ശരിയല്ലെന്ന അഭിപ്രായമാണുള്ളത്…