മെര്‍സലിലെ അഭിനയത്തിന് വിജയ്ക്ക് അവാര്‍ഡ് നല്‍കാത്തത് ബിജെപിയെ പേടിച്ചിട്ടോ?; വിവാദമായി വിജയ് ടിവിയുടെ അവാര്‍ഡ്

single-img
5 June 2018

ചെന്നൈ: വിജയ് ടിവിയുടെ അവാര്‍ഡ് ദാന ചടങ്ങ് വിവാദത്തിലേക്ക്. ഫേവറേറ്റ് ഹീറോ അവാര്‍ഡ് ബെസ്റ്റ് എന്റര്‍ടൈനര്‍ അവാര്‍ഡാക്കി മാറ്റി നടന്‍ ധനുഷിന് കൊടുത്ത നടപടിയാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ധനുഷിന്റേതായി പുറത്തിറങ്ങിയ ഒരു ചിത്രവും മികച്ച വിജയം കണ്ടിരുന്നില്ല.

അതേസമയം മെര്‍സല്‍ സിനിമയില്‍ വിജയ്‌യുടെ പ്രകടനത്തിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ കഴിഞ്ഞ ദിവസം നടന്ന വിജയ് ടിവി അവാര്‍ഡിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ വിവാദങ്ങളില്‍ പ്രതികരിക്കാന്‍ ചാനല്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ധനുഷ് നിര്‍മ്മിക്കുന്ന രജനീകാന്ത് സിനിമ ‘കാലാ’ അടക്കം നിരവധി സിനിമകളുടെ ചാനല്‍ സംപ്രേക്ഷണ അവകാശം വിജയ് ടി.വിക്കാണ് നല്‍കിയിരിക്കുന്നത്. അതിന്റെ ‘ഉപകാരസ്മരണ’യാണ് ധനുഷിന് നല്‍കിയ അവാര്‍ഡെന്നാണ് ആരാധകരുടെ ആരോപണം.

അതേസമയം അവാര്‍ഡ് ചടങ്ങില്‍ വിജയ് പങ്കെടുത്തിരുന്നുമില്ല. ചാനല്‍ അധികൃതരുടെ ‘അനീതി’ ബോധ്യപ്പെട്ട ചാനലിലെ തന്നെ ജീവനക്കാര്‍ താരവുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചതോടെ വിജയ് പിന്‍മാറുകയായിരുന്നുവെന്നാണ് വിവരം. മെര്‍സല്‍ രാജ്യത്തിനകത്ത് തന്നെ വലിയ തരംഗം സൃഷ്ടിച്ച സിനിമയായിട്ടും വിജയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിട്ടും അവാര്‍ഡ് നല്‍കാതിരുന്നത് ബിജെപിയെ പേടിച്ചിട്ടാണോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.

ജിഎസ്ടിക്കെതിരായ വിമര്‍ശനത്തെ തുടര്‍ന്ന് മെര്‍സലിനും ദളപതിക്കും എതിരെ ബിജെപി തമിഴ്‌നാട് ഘടകവും അഖിലേന്ത്യാ സെക്രട്ടി എച്ച് രാജയും ശക്തമായി രംഗത്ത് വന്നിരുന്നു. വിജയ് ഏത് ജാതിയില്‍പ്പെട്ടവനാണെന്ന വിമര്‍ശനം വരെ എച്ച് രാജ ഉയര്‍ത്തി. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ്യത്തിനകത്ത് ഉയര്‍ന്നിരുന്നത്.

കോണ്‍ഗ്രസ്സ്, സി.പി.എം, ഡി.എം.കെ തുടങ്ങിയ നിരവധി പാര്‍ട്ടികള്‍ മെര്‍സലിനും വിജയ് എന്ന നടനും അനുകൂലമായി രംഗത്ത് വന്നു. ഡി.വൈ.എഫ്.ഐ പരസ്യമായി പ്രകടനം നടത്തി. രാഹുല്‍ ഗാന്ധി രൂക്ഷമായി പ്രതികരിച്ചു. ജി. എസ്.ടിയും മെര്‍സലും ദളപതിയുമെല്ലാം ദേശീയ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കി.

വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കെയുമാണ് അവാര്‍ഡ് വിവാദം തമിഴകത്ത് കത്തിപ്പടരുന്നത്. ദളപതിയെ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് ധനുഷിനെ ചാനല്‍ അധികൃതര്‍ പരിഗണിച്ചതെന്നാണ് പ്രതിഷേധക്കാരുടെ വാദം. ധൈര്യമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പ് ഫലം പുറത്ത് വിടാന്‍ തയ്യാറുണ്ടോ എന്ന് വിജയ് ആരാധകരും ചാനലിനെ വെല്ലുവിളിക്കുന്നു.

മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച ഗാനം എന്നീ അവാര്‍ഡുകള്‍ മെര്‍സലിനാണ് ലഭിച്ചത്. മികച്ച നടിക്കുള്ളത് ഉള്‍പ്പെടെ രണ്ട് അവാര്‍ഡുകള്‍ നയന്‍താരക്ക് ലഭിച്ചു. മികച്ച സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാനാണ്. മികച്ച നടന്‍ ആര്‍ക്കെന്ന കാറ്റഗറി എന്തിന് ഒഴിവാക്കി എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.