എടപ്പാള്‍ തിയേറ്റര്‍ പീഡനം: ചങ്ങരംകുളം എസ്.ഐ അറസ്റ്റില്‍

single-img
5 June 2018

മലപ്പുറം: എടപ്പാളിലെ തിയേറ്റര്‍ പീഡനവുമായി ബന്ധപ്പെട്ട് കേസ് എടുക്കുന്നതില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്‌ഐ കെജി ബേബിയെ അറസ്റ്റ് ചെയ്തു. ഈ കേസില്‍ നേരത്തെ കെജി ബേബിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികപീഡനം തടയുന്ന പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് എസ്‌ഐക്കുമേലും ചുമത്തിയിരിക്കുന്നത്.

ഇന്നലെ തിയേറ്റര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് എടപ്പാള്‍ ശാരദ തിയേറ്റര്‍ ഉടമ സതീഷിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനവിവരം പൊലീസിനെ അറിയിച്ചില്ലെന്ന കാരണം പറഞ്ഞാണ് പോക്‌സോ നിയമപ്രകാരം തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത്.

ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പൊലീസ് തിയേറ്റര്‍ ഉടമയ്‌ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയസഭയില്‍ സബ്മിഷനും അവതരിപ്പിച്ചിരുന്നു. ചങ്ങരംകുളം പൊലീസിന്റെ നടപടിക്കെതിരേ പ്രതിഷേധം വ്യാപകമായതിന് പിന്നാലെയാണ് സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐയെ അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 18 നാണ് പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി, എടപ്പാള്‍ ശാരദാ തിയേറ്ററില്‍ വച്ച് കുട്ടിയെ മാതാവിന്റെ സാന്നിദ്ധ്യത്തില്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് വിവരം സിസിടിവിയിലൂടെ ശ്രദ്ധയില്‍പ്പെട്ട തിയേറ്റര്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു.

ഏപ്രില്‍ 26 ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിഷയം ചങ്ങരംകുളം പൊലീസില്‍ അറിയിച്ചെങ്കിലും നടപടിയെടുക്കുന്നത് പൊലീസ് മനപ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തയും ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനെയും അറസ്റ്റ് ചെയ്തിരുന്നു.