2019 പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ തന്ത്രങ്ങളുമായി മോദി: അദ്വാനിയേയും ജോഷിയേയും വീണ്ടും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനും നീക്കം

single-img
5 June 2018

ന്യൂഡല്‍ഹി: 2019 പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്തെ അഞ്ച് കോടി തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതികളില്‍ വര്‍ധനവ് വരുത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു പരിപാടികളാണ് തുടക്കത്തില്‍ മോദി ലക്ഷ്യമിടുന്നത്. വാര്‍ദ്ധക്യകാല പെന്‍ഷന്‍, ലൈഫ് ഇന്‍ഷുറന്‍സ്, പ്രസവ ആനുകൂല്യങ്ങള്‍ എന്നിവയിലാണ് വര്‍ധനവ്.

തൊഴിലില്ലായ്മയും ശിശുപരിപാലനവും മറ്റ് ആനുകൂല്യങ്ങളും ഒഴിവാക്കി തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പദ്ധതി. അതേസമയം മോദിയുടെ സ്വപ്നപദ്ധതിക്ക് സമയവും വിഭവങ്ങളും പരിമിതമാണെന്നതാണ് വെല്ലുവിളി. രാജ്യത്തെ അനൗദ്യോഗിക തൊഴിലാളികടക്കം എല്ലാ തൊഴിലാളികള്‍ക്കും ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട് . 15 കേന്ദ്ര തൊഴില്‍ നിയമങ്ങളെ ലയിപ്പിച്ചും ലഘൂകരിച്ചുമാണ് സര്‍ക്കാര്‍ നടപടി.

പത്ത് കോടി ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമാക്കിയുള്ള ആരോഗ്യ പരിരക്ഷാ പദ്ധതി ‘മോദികെയറും’ അണിയറയില്‍ ഒരുങ്ങുകയാണ് എന്നാണ് വിവരം. രാജ്യത്തെ ഏറ്റവും വലിയ ബഹുജന പദ്ധതികളില്‍ ഒന്നാവുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ പ്രഖ്യാപനം ഫെബ്രുവരിക്ക് ശേഷമുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ ലോകസഭാ തിരഞ്ഞെടുപ്പിലും മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും വീണ്ടും മത്സരിപ്പിക്കാന്‍ മോദി നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രായത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് ഇളവ് നല്‍കി വീണ്ടും മത്സരിപ്പിക്കാനാണ് മോദി ഉന്നമിടുന്നത്. ഈ ആവശ്യവുമായി മോദിയും അമിത് ഷായും അദ്വാനിയെ വീട്ടിലെത്തി കണ്ടതായി ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്തു.

ലോക്‌സഭാംഗങ്ങളായിട്ടും മോദി അധികാരത്തിലെത്തിയതോടെ അദ്വാനിക്കും ജോഷിക്കും പ്രത്യേകിച്ച് ഒരു പദവിയും നല്‍കാതെ മാറ്റിനിര്‍ത്തി. ബിജെപിയുടെ ഏറ്റവും സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് പോലും ഇവരെ ഒഴിവാക്കി. പകരം മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി മാര്‍ഗദര്‍ശക് മണ്ഡല്‍ രൂപവത്കരിച്ച് ഇവരെ അതില്‍ അംഗങ്ങളാക്കി. എന്നാല്‍ നാളിതുവരെ ഈ മാര്‍ഗദര്‍ശക് മണ്ഡല്‍ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല.

ചില കക്ഷികള്‍ എന്‍ഡിഎ വിട്ടുപോയതും ശിവസേനയും ജെഡിയുവും അസംതൃപ്തരാണെന്നതും പ്രതിപക്ഷ ചേരി ശക്തിപ്പെടുന്നതും തിരിച്ചറിഞ്ഞാണ് മോദി വിജയസാധ്യത മാത്രം കണക്കാക്കി ഇവരെ വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രായത്തിന്റെ കാര്യത്തില്‍ ഇളവ് നല്‍കിയാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചത്.