‘മോദി പങ്കെടുക്കുന്ന ചടങ്ങുകളില്‍ അദ്ദേഹത്തിന് നേരെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചോദ്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുന്നത്’: മോദിയുടെ ഈ നാടകം പൊളിഞ്ഞത് സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടെ

single-img
5 June 2018

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങുകളില്‍ അദ്ദേഹത്തിന് നേരെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചോദ്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. പരിഭാഷകയുടെ കൈയില്‍ എഴുതി തയ്യാറാക്കിയ ഉത്തരങ്ങള്‍ നല്‍കിയ ശേഷം അപ്രതീക്ഷിത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.

അദ്ദേഹം യഥാര്‍ത്ഥ ചോദ്യങ്ങളെ നേരിടാതിരുന്നത് നല്ലതായെന്നും ഇല്ലെങ്കില്‍ എല്ലാവര്‍ക്കും നാണക്കേടാകുമായിരുന്നു എന്നും രാഹുല്‍ പറഞ്ഞു. സിംഗപ്പൂരില്‍ സന്ദര്‍ശനത്തിനിടെ നന്‍യാങ് സാങ്കേതിക സര്‍വകലാശാലയില്‍ (എന്‍ടിയു) നടന്ന മോദിയുടെ അഭിമുഖത്തെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

ഏഷ്യ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചായിരുന്നു ചോദ്യം. മോദിയുടെ മറുപടി ചെറുതായിരുന്നു. പക്ഷേ, മോദിയുടെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താത്ത പല വിവരങ്ങളും ചേര്‍ത്ത്, എഴുതി തയ്യാറാക്കിയത് വായിക്കുന്നത് പോലെയായിരുന്നു പരിഭാഷകയുടെ പ്രസംഗം. മോദിയുടെ ചോദ്യോത്തര വേളകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.