വയറ്റില്‍ നിന്ന് കണ്ടെടുത്തത് എട്ട് കിലോ പ്ലാസ്റ്റിക്; തീരത്തടിഞ്ഞ തിമിംഗലത്തിന് ദാരുണാന്ത്യം

single-img
5 June 2018

ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ മുന്നിലാണ് തായ്‌ലാന്‍ഡ്. കഴിഞ്ഞ തിങ്കളാഴ്ച തായ്‌ലാന്‍ഡില്‍ മലേഷ്യയുമായി സമുദ്രാതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് ഒരു തിമിംഗലം കരയ്ക്കടിഞ്ഞു. ഏറെ അവശ നിലയിലായിരുന്നു തിമിംഗലം. ബോയ ഉപയോഗിച്ച് തിമിംഗലത്തെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാനായിരുന്നു തീരുമാനം.

കൂടാതെ വെയിലില്‍ നിന്നു രക്ഷപ്പെടുത്താന്‍ വമ്പന്‍ കുടയും ഒരുക്കി. എന്നാല്‍ ഈ പരിചരണമൊന്നും ഫലം കണ്ടില്ല. ചാവുന്നതിന് മുമ്പ് തിമിംഗലം അഞ്ചു പ്ലാസ്റ്റിക് ബാഗുകള്‍ ഛര്‍ദ്ദിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മൃതദേഹത്തിന്റെ ആന്തരിക പരിശോധന നടത്തി.

ശരീരത്തിനകത്തു നിന്നു ലഭിച്ചത് എണ്‍പതിലേറെ പ്ലാസ്റ്റിക് ബാഗുകളായിരുന്നു. ഏകദേശം എട്ടു കിലോയോളം ഭാരം വരുമായിരുന്നു ഇതിന്. വെറ്ററിനറി വിഭാഗം ഏറെ ശ്രമിച്ചിട്ടും ഭക്ഷണം പോലും കഴിക്കാനാകാതെ തിമിംഗലം ചത്തതും അവയുടെ ആമാശയം നിറയെ ഈ പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്നതിനാലായിരുന്നു.

തിമിംഗലം, കടലാമ, ഡോള്‍ഫിന്‍ ഉള്‍പ്പെടെ മൂന്നൂറോളം കടല്‍ജീവികളെ പ്രതിവര്‍ഷം തായ്‌ലന്‍ഡിലെ ബീച്ചുകളില്‍ പ്ലാസ്റ്റിക് മലിനീകരണം കാരണം ചത്ത നിലയില്‍ കാണപ്പെടാറുണ്ട്. എന്നാല്‍ ഈ തിമിംഗലത്തിന്റെ മരണം എല്ലാവരെയും ഞെട്ടിച്ചു.

മറൈന്‍ ആന്‍ഡ് കോസ്റ്റല്‍ റിസോഴ്‌സസ് വകുപ്പാണ് ഫെയ്‌സ്ബുക്കിലൂടെ തിമിംഗലത്തിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. തിമിംഗലത്തിന്റെ വയറ്റില്‍ നിന്നു ലഭിച്ച പ്ലാസ്റ്റിക്കിന്റെ ചിത്രങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു. പോസ്റ്റിനു താഴെയും ഒട്ടേറെ പേര്‍ പ്രതികരണവുമായെത്തുന്നുണ്ട്.