കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം; അര്‍മാന്‍ കോഹ്‌ലിക്കെതിരെ കേസെടുത്തു

single-img
5 June 2018

ബോളിവുഡ് താരം അര്‍മാന്‍ കോഹ്‌ലിയ്‌ക്കെതിരെ കേസെടുത്തു. കാമുകിയും ലീവ് ഇന്‍ പാര്‍ട്ണറുമായ നീരു രണ്‍ധാവയെ മര്‍ദ്ദിച്ചെന്നാണ് അര്‍മാനെതിരായ പരാതി. മുംബൈയിലെ സാന്റാക്രൂസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സെക്ഷന്‍ 323, 326, 504, 506 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമ്പത്തികവുമായി ബന്ധപ്പെട്ട് ഞായറാഴ്ച്ച ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ അര്‍മാന്‍ കോഹ്‌ലി നീരുവിനെ പിടിച്ച് തള്ളി. ഇതേതുടര്‍ന്ന് സ്റ്റെയറില്‍ നിന്ന് വീണ നീരുവിനെ മുടിക്ക് പിടിച്ച് തല തറയില്‍ ഇടിച്ചുവെന്നും പരാതിയില്‍ പറയുന്നു.

തലയ്ക്ക് പരിക്കേറ്റ നീരുവിനെ മുംബൈയിലെ കോകിലാബെന്‍ ദീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 1992ല്‍ വിരോധി എന്ന സിനിമയിലൂടെയാണ് അര്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പെട്ടെന്ന് ബോളിവുഡില്‍നിന്ന് അപ്രത്യക്ഷനായി.

വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാന്റെ ടെലിവിഷന്‍ പരിപാടിയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അര്‍മാന്‍ തിരിച്ചെത്തിയത്. 2015 മുതല്‍ നീരുവും അര്‍മാനും ലീവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ്.