‘രമേശ് ചെന്നിത്തലയടക്കമുള്ളവരെ മാറ്റണം, മാറ്റിയേതീരൂ…’: സംസ്ഥാന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പ്രതിഷേധം

single-img
4 June 2018

രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസില്‍ യുവനിര ഉയര്‍ത്തിയ കലാപം പടരുന്നു. പി.ജെ. കുര്യനെതിരായ നീക്കത്തില്‍ വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, റോജി എം.ജോണ്‍ എന്നിവര്‍ ഉയര്‍ത്തിയ കലാപം നോട്ടീസുകളുടെ രൂപത്തില്‍ പ്രാദേശിക ഘടകങ്ങളും ഏറ്റുപിടിക്കുന്നു. രമേശ് ചെന്നിത്തലയടക്കമുള്ളവരെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഒരുവിഭാഗം നോട്ടിസ് പ്രചാരണം ആരംഭിച്ചത്.

കോണ്‍ഗ്രസ് അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് പ്രധാനമായും നോട്ടിസ് പ്രചരിക്കുന്നത്. ‘മറ്റെന്തിനെക്കാളും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍ ഗത്യന്തരമില്ലാതെയാണ് ഇത്തരത്തില്‍ ഒരു ക്യാംപെയിനിന് തുടക്കം കുറിക്കുന്നത്. നമ്മുടെ പ്രതികരണം കോണ്‍ഗ്രസിന്റെ സംസ്ഥാന–കേന്ദ്ര നേതാക്കള്‍ അറിയണം…ഇങ്ങനെ തുടങ്ങുന്നു നോട്ടിസ്.

കെ.പി.സി.സി അധ്യക്ഷന്‍, പ്രതിപക്ഷനേതാവ്, യു.ഡിഎഫ് കണ്‍വീനര്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നിവരെ മാറ്റണെമന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റര്‍ അവസാനിപ്പിക്കുന്നത്. ‘മാറ്റണം മാറ്റിയേതീരൂ’ എന്ന തലവാചകത്തോടെയാണ് നോട്ടിസ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് ഘടകങ്ങളുടെ ഗ്രൂപ്പില്‍ പ്രചരിക്കുന്ന നോട്ടിസില്‍ എതെങ്കിലും പാര്‍ട്ടി ഘടകങ്ങളുടെ പേരോ വിലാസമോ ഇല്ല.