പ്രതികളായ ചാക്കോയും ഭാര്യ രഹ്നയും ഷാനുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്; അതുകൊണ്ട് കോണ്‍ഗ്രസാണ് കെവിനെ കൊന്നതെന്ന് പറയുമോ?: ദുരഭിമാനക്കൊലയില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

single-img
4 June 2018

തിരുവനന്തപുരം: കോട്ടയം മാന്നാനം സ്വദേശി കെവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെവിന്റെ മരണത്തെ കുറിച്ച് സഭ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ്. അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. കേസില്‍ 14 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കെവിന്റെ ദുരഭിമാനക്കൊല കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരം ജീര്‍ണ സംസ്‌കാരത്തിനെതിരെ കേരളം ഒന്നാകെ മുന്നോട്ടു വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരഭിമാനക്കൊലയില്‍ കര്‍ശക്കശമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെവിന്റെ ഭാര്യ നീനു പരാതിയുമായി വന്നപ്പോള്‍ പൊലീസ് ആവശ്യമായ നടപടി എടുത്തില്ല. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐ അടക്കമുള്ളവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്.

വീഴ്ച വരുത്തിയ ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ല. കെവിന്റെ കൊലപാതകം മറ്റൊരു വഴിക്കു തിരിച്ചുവിടാനുള്ള ശ്രമം നടന്നു. സംഭവത്തില്‍ അനാവശ്യമായ ഒരു രാഷ്ട്രീയനില കൊണ്ടുവരാന്‍ നോക്കിയത് എന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. കേസിലെ പ്രതികളായ ചാക്കോയും ഭാര്യ രഹ്നയും ഷാനുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.

അതുകൊണ്ട് കോണ്ഗ്രസാണ് കെവിനെ കൊന്നതെന്ന് പറയുമോ എന്നും മുഖ്യമന്ത്രി സഭയില്‍ ചോദിച്ചു. തെറ്റായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അഭികാമ്യമല്ല. അതേസമയം, കേസ് വഴിതിരിച്ചു വിടാന്‍ പൊലീസ് ശ്രമിക്കുന്നതായി തിരുവഞ്ചൂര്‍ ആരോപിച്ചു. പല കേസുകളിലും ഇതാണ് കണ്ടത്.

വരാപ്പുഴ കേസിലും പൊലീസുകാരാണ് പ്രതിസ്ഥാനത്തെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വരാപ്പുഴ കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി.ജോര്‍ജിന് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് നിര്‍ദ്ദേശിച്ചതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.