ആംബുലന്‍സും ഫയര്‍ഫോഴ്‌സും മുഖ്യമന്ത്രിക്കു പിന്നാലെ ഓടേണ്ട; അതിസുരക്ഷ ഒരുക്കുന്ന പോലീസ് ഉന്നതരെ സൂക്ഷിക്കണം; പിണറായിയോടു സെന്‍കുമാര്‍

single-img
3 June 2018

തിരുവനന്തപുരം: പത്മവ്യൂഹം പോലുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാകവചം അരോചകമാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. മുഖ്യമന്ത്രിക്ക് അതിസുരക്ഷ ഒരുക്കുന്നത് ആപത്താണെന്നും ഇത്തരത്തില്‍ അതിസുക്ഷ ഒരുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സൂക്ഷിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ സാധാരണക്കാരില്‍നിന്ന് അകറ്റാനുള്ള തന്ത്രമാണിതെന്നും ആംബുലന്‍സും ഫയര്‍ എന്‍ജിനും മുഖ്യമന്ത്രിക്കു പിന്നാലെ ഓടിക്കേണ്ട കാര്യമില്ലെന്നും സെന്‍കുമാര്‍ പറയുന്നു. പൊലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി മുഖ്യമന്ത്രി വിളിച്ച മുന്‍ ഡിജിപിമാരുടെ യോഗത്തിലാണ് സെന്‍കുമാര്‍ ആരോപണം ഉന്നയിച്ചത്.

എസ്‌ഐ മുതല്‍ ഡിജിപി വരെയുളളവര്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കുമിടയില്‍ മറ്റൊരു അധികാര കേന്ദ്രം ഉണ്ടാകരുതെന്നും സെന്‍കുമാര്‍ പറയുന്നു. ഐപിഎസിലെ അഴിമതിക്കാരെ പ്രധാന സ്ഥലങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തണമെന്നും സ്റ്റേഷനുകളിലെ പൊലീസ് അസോസിയേഷന്‍ ഭരണം നിയന്ത്രിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.

യോഗത്തിനെത്തിയ സെന്‍കുമാര്‍ യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മൂന്ന് പേജുകളിലായി എഴുതി നല്‍കുകകയും ചെയ്തു. ഈ കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ ഉപദേശകനടക്കമുള്ളവരെ രൂക്ഷമായി സെന്‍കുമാര്‍ വിമര്‍ശിക്കുന്നത്. അടുത്തു നില്‍ക്കുന്നവരെയെല്ലാം മിത്രങ്ങളായി കാണരുത്. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍ പോലും ഡിജിപിക്ക് ഇപ്പോള്‍ നിയന്ത്രണമില്ല. ജനങ്ങളില്‍ നിന്നും മുഖ്യമന്ത്രിയെ അകറ്റാനാണ് ചുറ്റുമുള്ള ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തുന്നു.