വിവാദ വ്യവസായിക്കെതിരെ മാനസിക പീഡനത്തിന് കേസ് ഫയല്‍ ചെയ്ത് രജനികാന്ത്

single-img
3 June 2018

വിവാദ വ്യവസായി മുകുന്ദ് ചന്ദ് ബോത്രയ്ക്കെതിരെ കേസ് നല്‍കി നടന്‍ രജനികാന്ത്. മാനസിക പീഡനത്തിനാണ് കേസ് നല്‍കിയിരിക്കുന്നത്. സംവിധായകനും നിര്‍മ്മാതാവും മരുമകന്‍ ധനുഷിന്റെ പിതാവുമായ കസ്തൂരി രാജയുമായി മുകുന്ദിനുള്ള പണമിടപാട് തര്‍ക്കത്തില്‍ കലാശിച്ചിരുന്നു.

ഈ സംഭവത്തില്‍ ഒരു സമയത്തും കക്ഷിയല്ലാത്ത തന്നെ ഉള്‍പ്പെടുത്തുകയാണെന്നും അത് തന്നെ മാനസികമായി തളര്‍ത്തുന്നുവെന്നുമാണ് രജനികാന്ത് പരാതി നല്‍കിയിരിക്കുന്നത്. തമിഴ് സിനിമാ മേഖലയില്‍ വന്‍പണമിടപാട് നടത്തുന്ന ശൃംഖലയുള്ള ആളാണ് മുകുന്ദ്.

നിരവധി പണം തട്ടിപ്പു കേസുകളില്‍ പ്രതിയാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കസ്തൂരി രാജയുമായുള്ള ഇടപാടില്‍ തനിക്ക് 65 ലക്ഷത്തിന്റെ നഷ്ടമുണ്ടായെന്ന് കാണിച്ച് നല്‍കിയ കേസില്‍ രജനികാന്തിനെയും മുകുന്ദ് പ്രതിചേര്‍ക്കുകയായിരുന്നു. തന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് രജനിയുടെ ശ്രമം എന്നാണ് മുകുന്ദിന്റെ പരാതിയില്‍ പറയുന്നത്.