രാജ്യസഭ വൃദ്ധസദനമല്ല; ചെങ്ങന്നൂരിനു പിന്നാലെ കോണ്‍ഗ്രസില്‍ കലാപക്കൊടിയുയര്‍ത്തി യുവനേതാക്കള്‍

single-img
3 June 2018

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ രാജ്യസഭാ സീറ്റിനെ ചൊല്ലിയും കോണ്‍ഗ്രസില്‍ കലാപം. രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എം.പിയായ പി.ജെ കുര്യന്‍ മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ യുവനേതാക്കള്‍ രംഗത്തെത്തി. ഹൈബി ഈഡന്‍, റോജി എം. ജോണ്‍, അനില്‍ അക്കര തുടങ്ങിയവരാണ് പി.ജെ കുര്യനെതിരെ ആഞ്ഞടിച്ചത്. പി.ജെ കുര്യന്‍ മാറി നില്‍ക്കണമെന്ന് വി.ടി ബല്‍റാം, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

പി.ജെ കുര്യനെ മാറ്റി പകരം ഷാനിമോള്‍ ഉസ്മാന്‍, ടി.സിദ്ധിഖ്, മാത്യു കുഴല്‍നാടന്‍, എം.ലിജു തുടങ്ങിയവരില്‍ ആരെയെങ്കിലും രാജ്യസഭ സ്ഥാനാര്‍ഥിയാക്കണമെന്നാണ് വി.ടി ബല്‍റാം ആവശ്യപ്പെടുന്നത്. കുര്യന്‍ സ്വയം മാറി നില്‍ക്കണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്നായിരുന്നു പി.ജെ കുര്യന്‍ വീണ്ടും സ്ഥാനാര്‍ഥിയാവുന്നതിനോട് ഹൈബി ഈഡന്റെ പ്രതികരണം.

അറുപത്തിയഞ്ച് വയസ് കഴിഞ്ഞവര്‍ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നാവശ്യം അനില്‍ അക്കരയും ഉയര്‍ത്തിയിട്ടുണ്ട്. മരണം വരെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കില്ലെന്ന നിലപാടില്‍ നിന്ന് നേതാക്കള്‍ മാറണമെന്നായിരുന്നു റോജി എം.ജോണിന്റെ കമന്റ്.

1980 മുതല്‍ ലോക്‌സഭയിലോ രാജ്യസഭയിലോ അംഗമാണ് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. കുര്യന്റെ രാജ്യസഭയിലെ കാലാവധി ജൂണില്‍ അവസാനിക്കുകയാണ്. വീണ്ടും രാജ്യസഭയിലേക്കെത്താന്‍ കുര്യന്‍ നീക്കങ്ങള്‍ നടത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഇയൊരു പശ്ചാത്തലത്തിലാണ് കുര്യന്‍ മാറി നില്‍ക്കണമെന്ന് കോണ്‍ഗ്രസിലെ യുവനേതാക്കള്‍ ആവശ്യപ്പെടുന്നത്. ചെങ്ങന്നുരിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം അവഗണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും ആവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.