ബിജെപി പ്രവര്‍ത്തകന്റെ മരണം കൊലപാതകമെന്ന് പറഞ്ഞ് അമിത് ഷാ ഞെട്ടല്‍ രേഖപ്പെടുത്തി; 12 മണിക്കൂര്‍ ഹര്‍ത്താലിനും പാര്‍ട്ടി ആഹ്വാനം ചെയ്തു: ഒടുവില്‍ ആ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

single-img
3 June 2018

പശ്ചിമ ബംഗാളില്‍ വൈദ്യുതപോസ്റ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ടാണ് നല്‍കിയിട്ടുള്ളതെന്ന് പുരുലിയ എസ്പി ആകാശ് മഗാരിയ അറിയിച്ചു.

ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ച കുരുക്ക്, കഴുത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്നു കണ്ടെത്തിയതായും പുരുലിയ എസ് പി പറഞ്ഞു. ദുലാല്‍ കുമാര്‍ എന്ന യുവാവിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വൈദ്യുതപോസ്റ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാലു ദിവസത്തിനിടെ മരിച്ചനിലയില്‍ കണ്ടെത്തുന്ന രണ്ടാമത് ബിജെപി പ്രവര്‍ത്തകനായിരുന്നു ദുലാല്‍.

ഇതേതുടര്‍ന്ന് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ ഉടലെടുത്തിരുന്നു. ദുലാലിന്റെ ‘കൊലപാതകത്തില്‍’ ഞെട്ടല്‍ രേഖപ്പെടുത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷാ വരെ രംഗത്തെത്തിയിരുന്നു. 12 മണിക്കൂര്‍ ഹര്‍ത്താലിനും ബിജെപി ആഹ്വാനം ചെയ്തിരുന്നു. അതേസമയം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ബി ജെ പി തയ്യാറായിട്ടില്ല.