ചെങ്ങന്നൂര്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ചെന്നിത്തല;പക്ഷേ തോല്‍വിക്ക് എല്ലാവര്‍ക്കും ഉത്തരവാദിത്വം

single-img
2 June 2018

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡി.എഫിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോല്‍വിയില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമല്ല,​ എല്ലാവര്‍ക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു സംഘടിപ്പിച്ച പരിപാടിയില്‍​സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിലും തകരാറുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഗ്രൂപ്പ് തര്‍ക്കം ഇല്ലായിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. താഴെത്തട്ടിലെ പരിമിതികളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ താമരശേരി മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം. ഉമ്മര്‍ മാസ്റ്റര്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ 12 വര്‍ഷമായി നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും വിജയിച്ചത് യു.ഡി.എഫ് ആണ്. വി.എസ് ഭരണത്തില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ നേടി യു.ഡി.എഫ് വന്‍വിജ‍യം നേടിയത് മറക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് വിജയിച്ചു. പിറവം, അരുവിക്കര അടക്കമുള്ള ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് ആണ് ജയിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.