“ഗോരഖ്പൂരിലെ തോല്‍വിയില്‍ ഞങ്ങള്‍ ദുഖിതരായിരുന്നു. പിന്നീട് ഫുല്‍പുര്‍, ഇപ്പോള്‍ കൈരാനയും നൂര്‍പുരും”;യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എമാര്‍

single-img
2 June 2018

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൈരാന, നൂപുര്‍ ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ തോല്‍വിയില്‍ യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എമാര്‍. കഴിവുകെട്ട മന്ത്രിമാരും അനിയന്ത്രിതമായ അഴിമതിയുമാണ് തോല്‍വിക്ക് കാരണം. അടുത്ത തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് നല്ല പ്രകടനം നടത്താന്‍ കഴിയണമെങ്കില്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

‘ആദ്യം ഗോരഖ്പൂരിലെ തോല്‍വിയില്‍ ഞങ്ങള്‍ ദുഖിതരായിരുന്നു. പിന്നീട് ഫുല്‍പുര്‍, ഇപ്പോള്‍ കൈരാനയും നൂര്‍പുരും’. മോഡിയുടെ പേരില്‍ അധികാരം നേടി. എന്നാല്‍ ജനങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞില്ല. ആര്‍.എസ്.എസിന്റെയും അതിന്റെ സംഘടനയുടെയും കൈകളിലാണ് നിയന്ത്രണം. മുഖ്യമന്ത്രി നിസ്സഹായനാണു.’ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിതയിലൂടെയായിരുന്നു ഗോപമൗ എം.എല്‍.എ ശ്യാം പ്രകാശ് വിമർശനമുന്നയിച്ചത്.

ഭൂരിപക്ഷം ബി.ജെ.പി എം.എല്‍.എമാരുടെ വികാരമാണ് താന്‍ പ്രകടിപ്പിച്ചതെന്ന് ശ്യാം പ്രകാശ് പിന്നീട് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നില്ലെന്നത് യഥാര്‍ത്ഥ്യമാണ്. വര്‍ധിച്ചുവരുന്ന അഴിമതിയില്‍ ജനം ദേഷ്യത്തിലാണ്. ഇക്കാര്യങ്ങള്‍ തങ്ങള്‍ക്കറിയമായിരുന്നു. മുഖ്യമന്ത്രിയുടെ കൈകള്‍ സ്വതന്ത്രമല്ലെന്നും തങ്ങള്‍ക്കറിയാം. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ എല്ലാവരുടേയും അവസ്ഥ മോശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.