കെവിന്റെ മരണം: ഷാനു ചാക്കോയുടെ ഗള്‍ഫിലെ ജോലിയും പോയി

single-img
1 June 2018

കോട്ടയത്ത് പ്രണയ വിവാഹത്തെത്തുടര്‍ന്ന് കെവിന്‍ പി.ജോസഫ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയ്ക്ക് ദുബായിലെ ജോലി നഷ്ടമായി. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനായ ഷാനു ചാക്കോ ദുബായില്‍ ഇലക്ട്രീഷ്യനായിരുന്നു.

ദുബായില്‍ ജോലി ചെയ്തിരുന്ന കമ്പനിയാണ് ഇയാളെ പിരിച്ചുവിട്ടതായി അറിയിച്ചത്. ഇനി തിരിച്ച് ദുബായില്‍ ചെന്നാലും ഷാനുവിന് ജോലി നല്‍കില്ലെന്ന് കമ്പനിയുടെ മാനേജര്‍ വ്യക്തമാക്കി. സഹോദരി മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്നും പിതാവിന് സുഖമില്ലെന്നും കാട്ടി എമര്‍ജന്‍സി ലീവിലാണ് ഷാനു കഴിഞ്ഞ ശനിയാഴ്ച രാവിലെ 5.10നുള്ള വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്നത്.

വീട്ടിലെത്തിയ ഉടനെ കെവിനെ തിരഞ്ഞിറങ്ങുകയും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ആരോപണം. ഇക്കാര്യങ്ങള്‍ കമ്പനി അധികൃതര്‍ അറിയുകയും ദുബായിലെ മാദ്ധ്യമങ്ങളില്‍ അടക്കം വന്‍ വാര്‍ത്തയാവുകയും ചെയ്തതോടെയാണ് ഷാനുവിനെ പിരിച്ചു വിടാന്‍ തീരുമാനിച്ചത്.

ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ഷാനു ജാമ്യം ലഭിച്ച് ദുബായില്‍ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. ശനിയാഴ്ച ദയനീയമായി കരഞ്ഞുകൊണ്ടാണ് ഷാനു തന്നെ വിളിച്ച് ലീവ് ചോദിച്ചതെന്ന് കമ്പനിയുടെ മാനേജര്‍ പ്രതികരിച്ചു.

സഹോദരിയെ കാണാനില്ലെന്നും പിതാവ് ആശുപത്രിയിലാണെന്നുമാണ് അയാള്‍ പറഞ്ഞത്. അതിനാല്‍ അപ്പോള്‍ തന്നെ അവധിയും നല്‍കി. എന്നാല്‍ പിന്നീട് ടി.വിയില്‍ നിന്നാണ് ബാക്കി കാര്യങ്ങള്‍ അറിഞ്ഞത്. ഷാനുവിനെ നാല് വര്‍ഷമായി അറിയാം. ഇത്തരം ക്രൂരകൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്നും മാനേജര്‍ വ്യക്തമാക്കി.

അതേസമയം കെവിനെ കൊലപ്പെടുത്താന്‍ ഗുണ്ടാ സംഘം തീരുമാനിച്ചിരുന്നതായി പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. വാഹനത്തില്‍ നിന്നും രക്ഷപ്പെട്ട കെവിനെ പിന്തുടര്‍ന്ന് പുഴയിലേക്ക് ചാടിക്കുകയായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വഴിയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ കെവിന്‍ ഇറങ്ങിയോടിയെന്നാണ് മുഖ്യ പ്രതി ഷാനു ചാക്കോയുടെ മൊഴി. എന്നാല്‍ ഇത് ഖണ്ഡിക്കുന്നതാണ് ഷാനുവിന്റെ റിമാന്റ് റിപ്പോര്‍ട്ട്. കൊല്ലം തെന്മല ഭാഗത്ത് വച്ചാണ് കെവിന്‍ ഇറങ്ങിയോടിയത്. ഇവിടെ ആഴമുള്ള പുഴയുണ്ടെന്നറിയാവുന്ന പ്രതികള്‍ പുറകെ ഓടി. ചാലിയക്കര ആറ്റില്‍ വീഴ്ത്തി കൊലപ്പെടുത്തിയെന്ന് തെളിഞ്ഞതായും റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു.

കെവിനെ കൊലപ്പെടുത്തണമെന്ന ഉദ്യേശമില്ലായിരുന്നുവെന്ന ഷാനുവിന്റെ മൊഴിയും റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് തള്ളി. കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ ശേഷം സഹോദരി നീനുവിനെ കൊണ്ടുവരാനായിരുന്നു ഷാനുവിന്റെയും സംഘത്തിന്റെയും ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.