നിപ: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് കളക്ടര്‍

single-img
1 June 2018

കോഴിക്കോട്: നിപ വൈറസ് വീണ്ടും പടരുന്നു എന്ന ആശങ്കയെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ അനുമതി തേടി കളക്ടര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ പ്രവര്‍ത്തനം പത്ത് ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കണം എന്നാണ് കളക്ടറുടെ ആവശ്യം.

നിപ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതിയിലെ സൂപ്രണ്ടായിരുന്ന മധുസൂദനന്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ പ്രവര്‍ത്തനം പത്ത് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ കളക്ടര്‍ അനുമതി തേടിയത്.

നിപ വൈറസ് ബാധിച്ച് രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ ബാലുശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. ആശുപത്രിയിലെ ആറ് ഡോക്ടര്‍മാരോടും നഴ്‌സിംഗ് ജീവനക്കാരോടും ജോലിയില്‍ നിന്നും മാറിനില്‍ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഒരാഴ്ചത്തേക്ക് മാറിനില്‍ക്കാനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകരം ആശുപത്രിയില്‍ ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തും എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.