രാജ്യസഭാ സീറ്റുകളില്‍ എല്‍ഡിഎഫില്‍ ധാരണ: സി.പി.എമ്മും സി.പി.ഐയും ഓരോ സീറ്റില്‍ മത്സരിക്കും: എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

single-img
1 June 2018

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ സി.പി.എമ്മും സി.പി.ഐയും ഓരോ സീറ്റില്‍ മത്സരിക്കും. സി.പി.എം സംസ്ഥാന സമിതി യോഗത്തിന് ശേഷം എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഇക്കാര്യം അറിയിച്ചത്.

എല്‍ഡിഎഫിലെ മറ്റ് കക്ഷികളും സീറ്റിനായി അവകാശവാദമുന്നയിച്ചു. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം ഒഴികെയുള്ള കക്ഷികളാണ് സീറ്റിനായി ആവശ്യമുന്നയിച്ചത്. ഇക്കാര്യം മറ്റൊരവസരത്തില്‍ പരിഗണിക്കാമെന്ന് സിപിഎമ്മും സിപിഐയും മറ്റ് കക്ഷികള്‍ക്ക് ഉറപ്പ് നല്‍കി.

അതേസമയം പന്ത്രണ്ട് വര്‍ഷക്കാലം എല്‍.ഡി.എഫ് കണ്‍വീനറായി പ്രവര്‍ത്തിച്ച വൈക്കം വിശ്വന് പകരം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനെ നിയമിക്കാനും ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതിയില്‍ തീരുമാനമായി.

അനാരോഗ്യം മൂലം വൈക്കം വിശ്വന്‍ സ്ഥാനമൊഴിയുന്നതിനാലാണ് വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറായി നിയമിച്ചത്. രാവിലെ ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിജയരാഘവനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നു. പിന്നാലെ ചേര്‍ന്ന ഇടതു മുന്നണി യോഗമാണ് ഇക്കാര്യം അംഗീകരിച്ചത്.