ഈ ക്ഷേത്രം നിര്‍മ്മിച്ചത് 10 ലക്ഷത്തിലേറെ ബിയര്‍ ബോട്ടിലുകള്‍ കൊണ്ട്; കാരണം ഇതാണ്

single-img
31 May 2018

തായ്‌ലന്‍ഡിലെ വാറ്റ് പാ മഹാ ചേദി ക്യൂ എന്ന ബുദ്ധക്ഷേത്രം കണ്ടാല്‍ ആരുമൊന്ന് അന്തംവിട്ടുപോകും. കാരണം 10 ലക്ഷത്തിലേറെ ബിയര്‍ ബോട്ടിലുകള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ഈ ക്ഷേത്രം പിറവിയെടുത്തതിന് പിന്നില്‍ നന്മയുടെ ഒരു കഥയുണ്ട്.

മദ്യക്കുപ്പികള്‍ മൂലമുണ്ടാകുന്ന മാലിന്യങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് ഈ ക്ഷേത്രത്തിന്റെ പിറവിക്ക് പിന്നില്‍. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലില്‍ തള്ളപ്പെടുന്ന മദ്യക്കുപ്പികള്‍ വലിയ മാലിന്യഭീഷണി ഉയര്‍ത്തിയപ്പോഴാണ് സമീപം സ്ഥിതി ചെയ്യുന്ന മഠത്തിലെ ബുദ്ധസന്യാസികള്‍ ബിയര്‍ കുപ്പികള്‍ കൊണ്ടൊരു ക്ഷേത്രം എന്ന ആശയവുമായി മുന്നോട്ട് വന്നത്.

തൂണുകളും നിലവും മേല്‍ക്കൂരയും കൈവരികളുമെല്ലാം ബിയര്‍ കുപ്പികള്‍ കൊണ്ട് വളരെ മനോഹരമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രാദേശികമായി ലഭിക്കുന്ന ചാങ് എന്ന ബിയറിന്റെയും ആഗോള ബ്രാന്‍ഡായ ഹെയിന്‍കെന്‍ ബിയറിന്റെയും കുപ്പികളാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.

ക്ഷേത്ത്രിന്റെ നിര്‍മ്മാണത്തിന് ശേഷവും കുപ്പികള്‍ ബാക്കി വന്നു. അതുകൊണ്ട് ഗോപുരങ്ങളും, കിടപ്പുമുറികളും, വാട്ടര്‍ ടാങ്കും, ടോയ്‌ലറ്റും തുടങ്ങി ശ്മശാനം വരെ നിര്‍മ്മിച്ചു. ഒട്ടേറെ സന്ദര്‍ശകരാണ് ബിയര്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.