രണ്ട് വര്‍ഷം കൊണ്ട് സര്‍ക്കാരിന് മേല്‍ പതിച്ച കളങ്കമെല്ലാം കഴുകിക്കളയുന്ന വിജയം: പിണറായി സര്‍ക്കാരിന് ഇനി ധൈര്യമായി തലയുയര്‍ത്തിപ്പിടിക്കാം

single-img
31 May 2018

ചെങ്ങന്നൂരിലെ ഇടത് മുന്നണിയുടെ മിന്നുന്ന ജയം, പിണറായി സര്‍ക്കാരിന് ലഭിച്ച രണ്ടാം ജന്‍മദിന സമ്മാനമാണ്. പൊലീസ് അതിക്രമത്തിന്റെയും ദുരഭിമാനകൊലയുടെയും പേരില്‍ സര്‍ക്കാരും മുന്നണിയും പഴികേള്‍ക്കുമ്പോഴാണ്, റെക്കോഡ് ഭൂരിപക്ഷവുമായി സിപിഎം സ്ഥാനാര്‍ഥി സജിചെറിയാന്‍ നിയമസഭയിലേക്കെത്തുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുള്ള അംഗീകാരമായാണ് ഇടത് മുന്നണി ഈ വിജയത്തെ ഉയര്‍ത്തിക്കാട്ടുക.

സര്‍ക്കാരിനുള്ള വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് പറയാനുള്ള ധൈര്യം പ്രചാരണത്തിന്റെ ഒരുഘട്ടത്തിലും ഇടത് നേതാക്കള്‍ കാട്ടിയിരുന്നില്ല. ആകെയൊരു അപവാദം വി.എസ്.അച്യുതാനന്ദന്‍ മാത്രമായിരുന്നു. അദ്ദേഹമാണ് ചെങ്ങന്നൂര്‍ ഫലം സര്‍ക്കാരിനുള്ള മാര്‍ക്കിടലാണെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യം കാണിച്ച ഒരേയൊരു ഇടത് നേതാവ്.

അതേസമയം,ചെങ്ങന്നൂരിലേത് സര്‍ക്കാരിനുള്ള മാര്‍ക്കിടലാണെന്ന് യുഡിഎഫ് വാതോരാതെ പറഞ്ഞുകൊണ്ടുമിരുന്നു. എന്തായാലും, ഫലം വന്നു. യുഡിഎഫ് എട്ട്‌നിലയില്‍ പൊട്ടി, സര്‍ക്കാര്‍ ഡിസ്റ്റിംഗ്ഷനോടെ പാസ്സാവുകയും ചെയ്തു.

എല്ലാം ശരിയാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി അധികാരത്തിലെത്തിയ കാലം മുതല്‍ തിരിച്ചടികളായിരുന്നു പിണറായി സര്‍ക്കാരിന്റെ മുതല്‍ക്കൂട്ട്. ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി ഇ.പി.ജയരാജന് വ്യവസായമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതോടെയാണ് സര്‍ക്കാരിന് ശനിദശ തുടങ്ങിയത്.

രാജി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിഛായ ഉയര്‍ത്തിപ്പിടിക്കുമെന്നൊക്കെ നേതാക്കള്‍ ആശ്വസിച്ചെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല മുന്നോട്ട് പോയത്. തേന്‍കെണി വിവാദത്തില്‍ പെട്ട് ഗതാഗതമന്ത്രിസ്ഥാനം ഏ.കെ.ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടിവന്നതായിരുന്നു മറ്റൊരു പ്രതിസന്ധി.

പകരമെത്തിയ തോമസ് ചാണ്ടിക്കും കായല്‍കയ്യേറ്റ വിവാദത്തെത്തുടര്‍ന്ന് ഊഴം തികയ്ക്കാനാകാതെ കസേര ഉപേക്ഷിക്കേണ്ടിവന്നതോടെ ഒന്നരവര്‍ഷത്തിനിടെ 3 മന്ത്രിമാര്‍ രാജിവച്ച സര്‍ക്കാരെന്ന പേരുദോഷം മാത്രം ബാക്കിയായി.

പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്കുയരാന്‍ പിണറായി വിജയന് കഴിയുന്നില്ലെന്ന ആരോപണം തുടക്കം മുതല്‍ ഉയര്‍ന്നുകേട്ടിരുന്നു. കടക്ക് പുറത്തെന്ന് മാധ്യമങ്ങളോട് ആക്രോശിച്ചും ഉദ്യോഗസ്ഥരെ തന്റെ ധാര്‍ഷ്ട്യത്തിന്റെ ഫ്രെയിമിനുള്ളില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കാതെയും ഇരട്ടച്ചങ്കന്‍ ഇന്നോളം ആ ഇമേജ് വിട്ടുകളഞ്ഞതുമില്ല. ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയും അക്ഷമയും ശരീരഭാഷയുമെല്ലാം വിമര്‍ശനങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപകരിച്ചതുമില്ല.

എന്തായാലും ആവര്‍ത്തിക്കുന്ന പൊലീസ് അതിക്രമം, കസ്റ്റഡി മരണം, ഏറ്റവും ഒടുവില്‍ കോട്ടയത്തെ ദുരഭിമാനക്കൊല ഇവക്കിടയില്‍ ഉത്തരം മുട്ടി നിന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും, ജനഹിതം അനുകൂലമായത് വലിയആത്മവിശ്വാസം പകര്‍ന്നുനല്‍കും.

ചെങ്ങന്നൂരിലെ ഇടത് തരംഗം ജനമനസ്സ് സര്‍ക്കാരിനൊപ്പമാണെന്ന് തെളിഞ്ഞതിന് ഉദാഹരണമായി ഉയര്‍ത്തിക്കാട്ടാനും സിപിഎമ്മിനും എല്‍ഡിഎഫിനും കഴിയും. ബിജെപി വിരുദ്ധവോട്ടുകള്‍ ഇടത് മുന്നണിയിലേക്ക് തിരിഞ്ഞു എന്ന വിലയിരുത്തലാണുള്ളത്. കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള മേഖലകളില്‍ ഉണ്ടാക്കാനായ ലീഡ് ഇത്തരത്തിലാവും വ്യാഖ്യാനിക്കപ്പെടുക.
വര്‍ഗ്ഗീയധ്രുവീകരണമെന്ന യുഡിഎഫ് ആരോപണത്തിന് മതേതര വോട്ടുകളുടെ ഏകീകരണം എന്ന മറുപടിനല്‍കാനും ഇടത് മുന്നണിക്കാവും. അഴിമതിരഹിത ഭരണത്തിനും വികസനത്തിനും ലഭിച്ചഅംഗീകാരമായും സര്‍ക്കാരിന് ഈ വിജയത്തെ കാണിക്കാം. നാലാംതീയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളത്തിലേക്ക് പ്രതിരോധത്തിലെത്തേണ്ട ഭരണമുന്നണി, ചെങ്ങന്നൂര്‍നല്‍കിയ ഊര്‍ജ്ജത്തിന്റെ ശക്തിയുമായാവും പ്രതിപക്ഷത്തെ നേരിടുക.